

ഭിക്ഷക്കാരന്‍റെ സഞ്ചിയിൽ നാലര ലക്ഷം രൂപ
ആലപ്പുഴ: സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയിൽ 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തി വന്ന ഇയാൾ തിങ്കളാഴ്ചയാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ഇടിച്ച് വീണ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചിരുന്നു. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ആശുപത്രിയിൽ നൽകിയ വിലാസം. തലയ്ക്ക് പരുക്കുള്ളതിനാൽ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്‌റ്റർമാർ നിർദേശിച്ചിരുന്നു.
എന്നാൽ രാത്രിയോട് ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ചാരുംമൂട് നഗരത്തിലെ കടത്തിണ്ണയിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇയാളുടെ സഞ്ചി പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സുകളും കണ്ടത്. തുടർന്ന് പൊലീസ് ചാരുംമൂട്ടിലെ പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മനെ സ്റ്റേഷനിലേക്ക് വരുത്തി. പഞ്ചായത്തംഗങ്ങളും പൊതുപ്രവർത്തകനായ അരവിന്ദാക്ഷനും ചേർന്ന് നോട്ടുകൾ തരംതിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി. അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ട് അടക്കി സെല്ലോടേപ്പ് ഒട്ടിച്ചാണ് സഞ്ചിയിൽ സൂക്ഷിച്ചിരുന്നത്. ബന്ധുക്കളാരും എത്താത്തതിനാൽ പണം കോടതിയിൽ ഹാജരാക്കാനാണ് തീരുമാനമെന്ന് നൂറനാട് ഇൻസ്പെക്ടർ ശ്രീകുമാർ പറഞ്ഞു