

കൊച്ചി: ദിലീപിനെതിരേ സംസാരിച്ചതിൽ ഭീഷണി നേരിടുന്നുണ്ടെന്ന ആരോപണവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകൾ സ്വീകരിച്ചതിന്‍റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണവും ഭീഷണിയും നേരിടുന്നുണ്ടെന്നാണ് പ്രതികരണം.
ദിലീപിനെതിരേ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കേട്ടാലറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യ ലക്ഷ്മി വ്യക്തമാക്കുന്നു. വിളിച്ച ഫോൺ നമ്പറടക്കം ഉടൻ പൊലീസിൽ പരാതി നൽകുമെന്ന് അവർ പ്രതികരിച്ചു.
മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം നിതീ പൂർണമായില്ലെന്ന നിലയിലുള്ള പ്രതികരണങ്ങളിലെ പ്രകോപനമാണ് ഭീഷണിക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്.