'മടങ്ങിയത് സ്വമേധയാ, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണു മാറിയത്': ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി

കൃഷിവകുപ്പിനോടും മന്ത്രിയോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നതായും ബിജു കുര്യന്‍ അറിയിച്ചു
'മടങ്ങിയത് സ്വമേധയാ, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണു മാറിയത്': ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി

കരിപ്പൂർ: ഇസ്രയേലിൽ നിന്നും മടങ്ങിയത് സ്വമേധയാ ആണെന്ന് കർഷകനായ ബിജു കുര്യൻ. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണു കർഷകരുടെ സംഘത്തിൽ നിന്നും മാറിയതെന്നും ബിജു വ്യക്തമാക്കി. ഇന്നു പുലർച്ചെ 5.30നു ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂരിൽ മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നു പോയ കർഷകരുടെ സംഘത്തിൽ നിന്നും ബിജു കുര്യൻ മുങ്ങിയതും, ഇസ്രയേലിൽ തന്നെ തുടർന്നതും വലിയ വിവാദമായിരുന്നു.

വിശുദ്ധനാട്ടില്‍ ചെന്നിട്ട് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാമെന്നു തീരുമാനിച്ചിരുന്നു. ആദ്യം ജെറുസലേമിലേക്കും പിന്നീട് ബത്‌ലഹേമിലേക്കും പോയി. തിരിച്ചു വരുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വിവാദങ്ങള്‍ അറിഞ്ഞു. മോശമായ രീതിയിലാണു വാര്‍ത്തകള്‍ വന്നത്. എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. സംഘാംഗങ്ങളെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. കൃഷിവകുപ്പിനോടും മന്ത്രിയോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നതായും ബിജു കുര്യന്‍ അറിയിച്ചു.

മെയ് എട്ട് വരെ ഇസ്രയേലിൽ തുടരാനുള്ള വിസ ഉണ്ടായിരുന്നു. കര്‍ഷകരുടെ സംഘത്തിന്‍റെ ഒപ്പം തിരിച്ചുവരാന്‍ തന്നെയായിരുന്നു തീരുമാനമെന്നും ബിജു പറഞ്ഞു. സഹോദരനാണു നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് തന്നതും ബിജു വ്യക്തമാക്കി. ആധുനിക കൃഷിരീതികളക്കുറിച്ചു പഠിക്കാനാണു ഇരിട്ടി സ്വദേശിയായ ബിജു അടക്കമുള്ള 28 സംഘം കേരളത്തിൽ നിന്നും ഇസ്രയേലിലേക്കു പോയത്. എന്നാൽ സംഘാംഗങ്ങളോട് പറയാതെ ബിജു മുങ്ങുകയായിരുന്നു. എംബസിയുമായി ബന്ധപ്പെട്ട് വിസ റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോഴാണ് ബിജു തിരിച്ചെത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com