

എൻഎച്ച് 66ൽ പണി പുരോഗമിക്കുന്ന ആറുവരിപ്പാത.
File
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത 66-ന്‍റെ പുതുതായി നിർമിച്ച ആറുവരി മെയിൻ കാരിയേജ് വേയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ റിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തും.
ബൈക്കുകൾ, ഓട്ടോ റിക്ഷകൾ, ട്രാക്ടറുകൾ എന്നിങ്ങനെ വേഗപരിധി കുറവുള്ള വാഹനങ്ങൾ മെയിൻ റോഡിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് ദേശീയപാതാ അഥോറിറ്റി അറിയിച്ചിരിക്കുന്നത്.
അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ആറുവരിപ്പാതയിലെ അപകടസാധ്യത കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് വേഗം കുറഞ്ഞ വാഹനങ്ങൾ നിരോധിക്കുന്നത്.
നിയന്ത്രണമുള്ള വാഹനങ്ങൾ യാത്രയ്ക്കായി നിർബന്ധമായും സർവീസ് റോഡുകളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ. ഇതിനായുള്ള സൂചനാ ബോർഡുകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചു തുടങ്ങി. മലപ്പുറം ജില്ലയിലെ ചേളാരി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇത്തരം ബോർഡുകൾ നിലവിൽ വന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും ബോർഡുകൾ സ്ഥാപിക്കും.
നിയമലംഘനം നടത്തുന്നവരെ കണ്ടെത്താൻ പാതയിലുടനീളം എഐ (AI) ക്യാമറകളും സിസിടിവി ക്യാമറകളും സജ്ജമാക്കും. നിയന്ത്രണം ലംഘിച്ച് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന ഇരുചക്ര - മുച്ചക്ര വാഹന ഉടമകളിൽ നിന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും പിഴ ഈടാക്കും.
നിലവിൽ പലയിടങ്ങളിലും സർവീസ് റോഡുകൾക്ക് വീതി കുറവായത് തിരക്ക് വർധിക്കാൻ കാരണമാകുന്നുണ്ട്. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ദേശീയപാത അഥോറിറ്റി നിയന്ത്രണ തീരുമാനമെടുത്തത്. പാത ഔദ്യോഗികമായി തുറന്നുകൊടുക്കുന്നതോടെ പരിശോധന കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.