പ്രതിപക്ഷ ഉപനേതൃപദവി സിപിഎമ്മിനെന്ന് പിണറായി വിജയൻ; രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത പ്രസ്താവനയെന്ന് ബിനോയ് വിശ്വം

തർക്ക വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെയാണ് തീർക്കേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു
binoy viswam against pinarayi vijayan statement

പിണറായി വിജയൻ, ബിനോയ് വിശ്വം

Updated on

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സിപിഐയ്ക്ക് നൽകില്ലെന്ന് ഓഗസ്റ്റ് 22ന് നടന്ന വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

പിണറായി വിജ‍യന്‍റെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണിതെന്നും തർക്ക വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെയാണ് തീർക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. ഉപനേതൃപദവി സംബന്ധിച്ച് സിപിഐയും സിപിഎമ്മും ഏറെ നാളുകളായി ചർച്ചകൾ നടന്നുവരുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

അത്തരത്തിലൊരു തർക്ക വിഷയത്തിൽ പിണ‍റായി വിജയൻ‌ ഏകപക്ഷീയമായി തീരുമാനം പ്രഖ‍്യാപിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നു പറഞ്ഞ ബിനോയ് വിശ്വം ആ അവകാശം പാർട്ടിക്ക് മാത്രമാണെന്ന് മാധ‍്യമങ്ങളോട് പറഞ്ഞു. ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് ലഭിച്ചേ തീരു എന്ന് പറ‍യുന്നത് എൽഡിഎഫിനെ ദുർബലമാക്കാനല്ല ശക്തമാക്കാനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപനേതാവ് ആരെന്നത് സംബന്ധിച്ച് സ്പീക്കർക്ക് കത്ത് താനാണ് എഴുതി നൽകേണ്ടതെന്നും കത്ത് നൽകിയാൽ ഉപനേതാവ് വരുമെന്നുമായിരുന്നു പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കത്തിലെ പേര് സിപിഐ നേതാവിന്‍റെയോ അതോ സിപിഎം നേതാവിന്‍റയോ എന്ന് മാധ‍്യമങ്ങൾ ചോദിച്ചപ്പോൾ അതിൽ‌ ഒരു സംശയവുമില്ല. സിപിഎം നേതാവിന്‍റെ പേരായിരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

logo
Metro Vaartha
www.metrovaartha.com