പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്; ബിജെപിയുടെ ബി ടീമാണ് കോൺഗ്രസെന്ന് ബിനോയ് വിശ്വം

ബിജെപി തെളിച്ച വഴിയിലൂടെ പോകാൻ തുനിഞ്ഞിറങ്ങിയ കേരളത്തിലെ കോൺഗ്രസിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു
binoy viswam slams udf over pm shri school scheme

അടൂർ പ്രകാശ്, ബിനോയ് വിശ്വം

Updated on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ‍്യക്തമാക്കിയതിനു പിന്നാലെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ബിജെപിയുടെ ബി ടീമാണ് കോൺഗ്രെസെന്ന് ഈ തീരുമാനം ഒരിക്കൽ കൂടി തെളിയിക്കുന്നുവെന്നും ബിജെപി തെളിച്ച വഴിയിലൂടെ പോകാൻ തുനിഞ്ഞിറങ്ങിയ കേരളത്തിലെ കോൺഗ്രസിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്‍റെ തീരുമാനത്തിനെതിരേ നേരത്തെ മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് തെരഞ്ഞെടുപ്പിൽ പ്രഖ‍്യാപിച്ചവർ അത് നടത്തി കാണിക്കണമെന്നായിരുന്നു പി. രാജീവ് പറഞ്ഞത്.

വാഗ്ദാനം നൽകാൻ മാത്രമല്ല ഭരിക്കാനുള്ള നട്ടെല്ലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ശ്രീയിൽ മന്ത്രിസഭ ഉപസമിതി യോഗം ബുധനാഴ്ച നടക്കുമെന്നും അതിനു ശേഷം ഇളവിനായി കേന്ദ്രത്തെ സമീപിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com