'ആനി രാജയെ നിയന്ത്രിക്കണം'; ഡി. രാജയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ കത്ത്
തിരുവനന്തപുരം: കേരളത്തിലെ കാര്യങ്ങളിൽ ആനി രാജ അഭിപ്രായം പറയേണ്ടതില്ലെന്ന് സിപിഐ. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ആനി രാജയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് കത്തയച്ചിരിക്കുന്നത്.
കാനം രാജേന്ദ്രന്‍റെ കാലത്തു തന്നെ സിപിഐ സംസ്ഥാന നേതൃത്വത്തിന് ആനി രാജയോട് ഒരു അകലമുണ്ടായിരുന്നു. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന് പിന്നാലെ ആനി രാജയുടേതായി തുടര്‍ച്ചയായി വന്ന പ്രതികരണങ്ങൾ അതിരു കടന്നെന്ന വിലയിരുത്തൽ സംസ്ഥാന നേതൃയോഗങ്ങളിൽ ഉയര്‍ന്നിരുന്നു.
രഞ്ജിത്തിന്‍റെയും മുകേഷിന്‍റെയും രാജി വിഷയത്തിലും എഡിജിപിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും ആനി രാജയുടെ പ്രതികരണങ്ങൾ ബിനോയ് വിശ്വത്തിന് എതിരായിരുന്നു. പിന്നാലെ ആനി രാജയെ തള്ളിപ്പറഞ്ഞ് ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കത്തയച്ചത്.

