
തിരുവനന്തപുരം: അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ബിപർജോയ്' ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 195 കി.മി വേഗതയിലുള്ള അതിശക്തമായ ചുഴലിക്കാറ്റായി( Extremely Very severe Cyclone) ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ജൂൺ 15 വൈകുന്നേരത്തോടെ നിലവിലെ ശക്തി കുറഞ്ഞു തീവ്ര ചുഴലിക്കാറ്റായി പാകിസ്ഥാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ നിലവിലെ വിലയിരുത്തൽ.
അതേസമയം,സംസ്ഥാനത്തൊട്ടാകെ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ, അറബിക്കടലിൽ സ്ഥിതിചെയ്യുന്ന "ബിപോർജോയ്' ചുഴലിക്കാറ്റിന്‍റെ സ്വാധീനം കരയിൽ മഴ കുറയ്ക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് ഇന്നും നാളെയും മഴ കൂടുതൽ ശക്തമായേക്കില്ല. ഇടവിട്ടുള്ള മഴ തുടരും. പ്രത്യേകിച്ച് മധ്യ -വടക്കൻ കേരളത്തിൽ മഴക്ക് അനുകൂല സാഹചര്യമാണ്.
ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു