Bird flu monitoring will be strengthened in kerala
സംസ്ഥാനത്ത് പക്ഷിപ്പനി നിരീക്ഷണം ശക്തിപ്പെടുത്തും

സംസ്ഥാനത്ത് പക്ഷിപ്പനി നിരീക്ഷണം ശക്തിപ്പെടുത്തും

പക്ഷിപ്പനി പ്രതിരോധത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്ഒപി), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. കര്‍ഷകരും പക്ഷി വളര്‍ത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന മാര്‍ഗരേഖയാണിത്.

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാക്കകളിലും മറ്റ് പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളില്‍ സസ്തനികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ അത്തരം കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ സസ്തനികളിലും പെട്ടന്നുള്ള മരണമുണ്ടായാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്.

logo
Metro Vaartha
www.metrovaartha.com