
കളമശേരിയിലെ ആമസോൺ ഗോഡൗണിൽ റെയ്ഡ്; ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു
file image
കൊച്ചി: കളമശേരിയിലെ ആമസോൺ ഇ-കൊമേഴ്സ് വെയർഹൗസിൽ നിന്ന് ഇന്ത്യൻ-വിദേശ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടികൂടി. ബിഐഎസ് (Beauro of Indian standards) നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടികൂടിയത്.
വിവിധ ബ്രാൻഡുകളുടെ ഗാർഹിക ഇലക്‌ട്രോണിക്-ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ എന്നിവയടക്കമുള്ള നിലവാരം കുറഞ്ഞ വൻ ശേഖരമാണ് പരിശോധനയിൽ കണ്ടെത്തിയത്.
ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്തതും ഐഎസ്ഐ മാർക്ക് വ്യാജമായി ഒട്ടിക്കുകയും നിയമപരമായി ഉത്പന്നങ്ങളിൽ ഉണ്ടാവേണ്ട ലേബലിങ് വിവരങ്ങൾ ഇല്ലാത്ത ഉത്പന്നങ്ങളുമാണ് പിടികൂടിയത്. കൊച്ചി ബിഐഎസ് ബ്രാഞ്ച് ഓഫിസ് നടത്തിയ റെയ്ഡ് 12 മണിക്കൂറിലധികം നീണ്ടു.
കുറ്റക്കാർക്കെതിരേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2 വർഷം വരെ തടവും വിറ്റ ഉത്പന്നങ്ങളുടെ പത്ത് മടങ്ങ് പിഴയും ഈടാക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.