കാട്ടുപോത്തിന്‍റെ വിഹാരം അങ്കമാലി നാട്ടുകാർക്കിടയിൽ ഭീതിപരത്തുന്നു

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പോത്തിനെ പിടികൂടാനോ ഓടിച്ചുവിടാനോ കഴിഞ്ഞില്ല
കാട്ടുപോത്തിന്‍റെ വിഹാരം അങ്കമാലി നാട്ടുകാർക്കിടയിൽ ഭീതിപരത്തുന്നു
Updated on

അങ്കമാലി: സ്ഥിരമായി കാട്ടുപോത്തിനെ കാണുന്നത് അങ്കമാലിയിലെ വിവിധ പ്രദേശവാസികൾക്ക് ഭീതിയുണ്ടാക്കുന്നു. മൂക്കന്നൂർ, തുറവൂർ, അയ്യമ്പുഴ കറുകുറ്റി എന്നീ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലാണ് കാട്ടുപോത്തിൻ്റെ സ്ഥിരസാന്നിധ്യം കാണപ്പെടുന്നത്.

പ്ലാന്‍റേഷൻ മേഖലയിൽ നിന്നും ജനവാസ മേഖലയിലേക്ക് വന്ന കാട്ടുപോത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ അയ്യംപുഴ കൊല്ലക്കോടാണ് ആദ്യം കണ്ടത്. ഏഴാറ്റുമുഖം ഭാഗത്തുനിന്നും ജനങ്ങൾ പോത്തിനെ ഓടിച്ചുവിട്ടെങ്കിലും രാത്രി അയ്യംപുഴ, ചുള്ളി ചീനഞ്ചിറ, താബോർ മൂലേപ്പാറ, ശങ്കരൻ കുഴി ഭാഗങ്ങളിലും കാട്ടുപോത്തിനെ കണ്ടവരുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പോത്തിനെ പിടികൂടാനോ ഓടിച്ചുവിടാനോ കഴിഞ്ഞില്ല.

വീടുകളുടെ മുന്നിലൂടെയും റോഡിലൂടെയും പറമ്പുകളിലൂടെയും കടന്നുപോയ കാട്ടുപോത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചുള്ളിയിൽവച്ച് വനത്തിലേക്കു കയറ്റിവിടുകയായിരുന്നു. ശങ്കരൻ കുഴിയിലെ പാറമടയിൽ 150 അടിയോളം ഉയരമുള്ള ഭാഗത്തേക്കാണു കാട്ടുപോത്ത് കയറിയത്

പോത്തിനെ പുറത്തേക്കു കൊണ്ടുവരുന്നതിനായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പ്രദേശങ്ങളിൽ തുടരുന്ന കനത്തമഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പോത്തിനെ പുറത്ത് എത്തിക്കാനുള്ള ശ്ര മത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എങ്കിലും അവർ സ്ഥലത്ത് ക്യാംപ് ചെയ്ത് പരിശ്രമം തുടരുകയാണ്. കാട്ടുപോത്തിനെ ഓടിച്ചു വിടാൻ കഴിയാത്തതിൽ മൂക്കന്നൂർ, തുറവൂർ,അയ്യംപുഴ, കറുകുറ്റി പഞ്ചായത്ത് മേഖലയിലുള്ളവർ ഭയചകിതരാണ്. അതേസമയം, കൊല്ലത്തും കോട്ടയം ഏരുമേലിയിലും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ 3 പേർ മരിച്ചു. തൃശൂർ ചാലക്കുടിയിലെ ജനവാസ മേഖലയിലും കാട്ടുപോത്ത് ഇറങ്ങിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com