തെറ്റ് തിരുത്തിയില്ലെങ്കിൽ കോടതിയിലേക്ക്; കേരള തെര. കമ്മീഷനെതിരേ ബിജെപി

വോട്ടർ പട്ടികയിലെയും വാർഡ് വിഭജനത്തിലെയും പിഴവുകൾ തിരുത്തണം
bjp against kerala election commission

തെറ്റ് തിരുത്തിയില്ലെങ്കിൽ കോടതിയിലേക്ക്; കേരള തെര. കമ്മീഷനെതിരേ ബിജെപി

File
Updated on

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ഗുരുതര പിഴവുകൾ ഉടൻ തിരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനോട്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണി ആവശ്യപ്പെട്ടു. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ സംസ്ഥാന കമ്മിഷൻ സ്വമേധയാ പരിഹരിച്ചില്ലെങ്കിൽ, ഹൈക്കോടതിയിൽ ഉൾപ്പെടെ നിയമ നടപടികളുമായി പോകും. തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാന രേഖയാണ് വോട്ടർ പട്ടിക. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന കരട് പട്ടികയിൽ ഗുരുതര പിഴവുകളാണു കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. പലതും മനഃപൂർവമായ ഇടപെടലിന്‍റെ ഭാഗമാണെന്നാണു സംശയം.

തെരഞ്ഞെടുപ്പു തന്നെ അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഇടതു മുന്നണി നടത്തുന്ന തിരക്കഥയുടെ ഭാഗമാണ് ചരിത്രത്തിലില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങൾ പട്ടികയിൽ കടന്നുകൂടിയത്. ഒരേ വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് പലയിടങ്ങളിൽ പട്ടികയിൽ പേരുചേർത്തത് ഗുരുതര ക്രിമിനൽ കുറ്റകൃത്യമാണ്. ആൾമാറാട്ടം, രേഖകളിൽ തിരിമറി കാണിക്കുക തുടങ്ങി എല്ലാ കുറ്റങ്ങളും ഇതിന്‍റെ ഭാഗമാണ്. കമ്മിഷൻ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തരമായി ക്രിമിനൽ നടപടികൾ സ്വീകരിക്കണം.

ഒരേ ഐഡി കാർഡിൽ പലയിടങ്ങളിൽ പല പേരുകളിൽ വോട്ട് ചേർത്തിട്ടുള്ളത് കണ്ടെത്തി അവ നീക്കം ചെയ്യണം. ഇത് ബോധപൂർവമുണ്ടായ ക്രമക്കേടാണ്. ഒരു തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പലയിടങ്ങളിൽ വോട്ട് ചേർത്ത ആളുകൾക്ക് നോട്ടീസ് അയച്ച് ആ വോട്ടുകൾ നീക്കം ചെയ്യാനുള്ള തുടർനടപടികൾ കമ്മിഷൻ സ്വീകരിക്കണം. തിരുവനന്തപുരം നഗരസഭാ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ബിജെപി പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണം. കമ്മിഷൻ സ്വമേധയാ ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ, ഹൈക്കോടതിയിലുൾപ്പെടെ നിയമ നടപടികളുമായി മുന്നോട്ടുപോകും, സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും- അനൂപ് ആന്‍റണി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com