സത‍്യപ്രതിജ്ഞ ചെയ്യാൻ അനുമതി വേണം; ബിജെപി കൗൺസിലർ ആർ. സുഗതൻ ഹൈക്കോടതിയിൽ

സത‍്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്നും തന്നെ സർക്കാർ തടയുകയാണെന്നാണ് സുഗതൻ പറയുന്നത്
BJP councilor R. Sugathan moves High Court seeking permission to take oath

ആർ‌. സുഗതൻ

Updated on

കൊച്ചി: സത‍്യപ്രതിജ്ഞ ചെയ്യാൻ താത്കാലികമായി ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺ‌സിലർ ആർ. സുഗതൻ ഹൈക്കോടതിയെ സമീപിച്ചു.

നാലാഴ്ചയ്ക്കുള്ളിൽ സത‍്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നും കാപ്പ ചുമത്തി ജയിലിൽ അടച്ചതിനാൽ സത‍്യപ്രതിജ്ഞ ചെയ്യാൻ കഴിയുന്നില്ലെന്നാണ് സുഗതൻ പറയുന്നത്. സത‍്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്നും തന്നെ സർക്കാർ തടയുകയാണെന്നും സുഗതൻ ആരോപിച്ചു.

സുഗതന്‍റെ ഹർജി കോടതി പിന്നീട് പരിഗണിക്കും. സുഗതന്‍റെ ഹർജിയിൽ‌ തിങ്കളാഴ്ച നിലപാട് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ജയിലിനുള്ളിൽ തന്നെ സത‍്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോയെന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ദൈവനാമത്തിൽ സത‍്യപ്രതിജ്ഞ ചെയ്തതിനാണ് സുഗതൻ അടക്കം 20 കൗൺസിലർമാരുടെ സത‍്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നത്. കാപ്പാ ചുമത്തി ജയിലിലായതോടെ മറ്റു കൗൺസിലർമാർക്കൊപ്പം സത‍്യപ്രതിജ്ഞ ചെയ്യാനും സാധിച്ചില്ല. സത‍്യപ്രതിജ്ഞ ചെയ്യാൻ കോടതി അനുമതി നൽകാത്ത പക്ഷം സുഗതൻ കൗൺസിലർ സ്ഥാനത്ത് നിന്നും അയോഗ‍്യനാക്കപ്പെടും.

അതേസമയം, വധശ്രമം അടക്കം 19 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുഗതൻ. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലാണ് വധശ്രമം, ലഹളയുണ്ടാക്കൽ, പൊലീസിന്‍റെ ഔദ‍്യോഗിക കൃത‍്യനിർവഹണം തടസപ്പെടുത്തൽ അടക്കമുള്ള കേസുകളുള്ളത്. നിരന്തരം കുറ്റകൃത‍്യങ്ങളിൽഏർപ്പെടുന്ന പശ്ചാത്തലത്തിലാണ് സുഗതനെതിരേ കാപ്പാ നിയമ പ്രകാരം തിരുവനന്തപുരം ജില്ലാ കലക്റ്റർ നടപടി സ്വീകരിച്ചത്.

വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു സുഗതൻ. ഈ കേസിൽ ഹൈക്കോടതിയിൽ ജാമ‍്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനാൽ വട്ടിയൂർക്കാവ് എസ്എച്ച്ഒയ്ക്കു മുന്നിൽ ഏഴാം തീയതി കീഴടങ്ങേണ്ടതായിരുന്നു. ഹാജരാകാത്തതുകൊണ്ടാണ് വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com