

കാസർകോട് സ്വദേശി ഇന്ത്യൻ പൗരൻ തന്നെ, വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരേ കേസെടുക്കും
കാസർകോട്: ഇന്ത്യൻ പൗരത്വമില്ലെന്നാരോപിച്ച് കാസർകോട് സ്വദേശിയെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ബിജെപി നേതാവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു കലക്ടർ കെ. ഇമ്പശേഖർ. മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിനെതിരേ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയാണ് പരാതി നൽകിയത്.
മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം-7 പ്രകാരമാണ് ലോകേഷ് ലോണ്ട പരാതി നൽകിയത്. ഹിയറിങ്ങിൽ പരാതിക്കാരൻ ഹാജരായെങ്കിലും ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നൽകാനായില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകിയതാണെന്ന് കണ്ടെത്തിയതായി കലക്ടർ പറഞ്ഞു. തുടർന്ന് മുഹമ്മദിന്‍റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർ ഉത്തരവിട്ടു.
പരാതി നൽകിയ ബിജെപി നേതാവിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ അറിയിപ്പ്. ഫോം-7 പ്രകാരം എതിർപ്പ് നൽകുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.