
എൻ. ശിവരാജൻ
പാലക്കാട്: ഇന്ത‍്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി പാലക്കാട് നഗരസഭ കൗൺസിലറും മുൻ ദേശീയ കൗൺസിൽ അംഗവുമായ എൻ. ശിവരാജൻ.
ഭാരതാംബ വിവാദത്തെ തുടർന്ന് ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ശിവരാജന്‍റെ വിവാദ പ്രസ്താവന.
കോൺഗ്രസ് പച്ചയും സിപിഎം പച്ചയും, വെള്ളയും ഇന്ത‍്യൻ ചരിത്രമറിയാത്ത സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടിയും ഉപയോഗിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപതാക കാവിക്കൊടിയാക്കണമെന്നാണ് തന്‍റെ വ‍്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിദ‍്യാഭ‍്യാസ മന്ത്രിക്കെതിരേയും ശിവരാജൻ അധിക്ഷേപം നടത്തി. ശിവൻകുട്ടിയല്ല ശവൻകുട്ടിയാണെന്നായിരുന്നു അധിക്ഷേപം. രാഷ്ട്രീയ പാർട്ടികൾ ദേശീയപതാകയ്ക്ക് സമാനമായ കൊടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു.