

രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കളെത്തി
ആലപ്പുഴ: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കള്‍ എത്തി. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്‍റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ രാജീവരുടെ ചെങ്ങന്നൂരിലുള്ള വീട്ടിലെത്തിയത്. രാജീവരുടെ കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കള്‍ സംസാരിച്ചു. തിടുക്കപ്പെട്ടുള്ള അറസ്റ്റിൽ സംശയമുണ്ടെന്നും കെ.രാധാകൃഷ്ണനും, വി.എൻ. വാസവനും, കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്നും സന്ദീപ് വാചസ്പതി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
കേരളത്തിലെ പ്രബലമായ കുടംബത്തിലെ അംഗത്തെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതിനാലാണ് ഇവിടെ എത്തിയത്. കുടുംബത്തിന് പിന്തുണ അറിയിക്കേണ്ടത് ഞാനല്ല. സംസ്ഥാന നേതൃത്വമാണ്. രാജീവര് തെറ്റുകാരനാണോ ഇല്ലയോ എന്നതെല്ലാം നിയമത്തിന്‍റെ വഴിക്ക് നീങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയെ ചാരി മന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയമുണ്ടെന്നും സന്ദീപ് വാചസ്പതി പ്രതികരിച്ചു.