പിണറായി ബൂത്തിൽ ബിജെപിക്ക് വോട്ടിരട്ടിച്ചു

പിണറായി വിജയന്‍റെ മണ്ഡലമായ ധർമടത്ത് രണ്ടാം റൗണ്ടിൽ തന്നെ കെ. ​സുധാകരൻ 2205 വോട്ടിന്‍റെ ലീഡ് നേടി
cpm flag and bjp flag
cpm flag and bjp flag

കണ്ണൂർ: കണ്ണൂരിൽ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം ബൂത്തിലും സിപിഎമ്മിന് തിരിച്ചടി. 2019ൽ എൽഡിഎഫിന് 517 വോട്ട് ലഭിച്ച പിണറായി ബൂത്തിൽ ഇക്കുറി എം.വി. ജയരാജന് ലഭിച്ചത് 407 വോട്ടുകളാണ്. അതേസമയം ബൂത്തിൽ ബിജെപിക്ക് വോട്ട് ഇരട്ടിയാകുകയും ചെയ്തു. 2019ൽ ബിജെപിക്ക് കിട്ടിയ 53 വോട്ട് ഇത്തവണ 115 വോട്ടായി. ബൂത്തിൽ എൽഡിഎഫ് ലീഡ് കുറയുകയുകയും ചെയ്തു.

പിണറായി വിജയന്‍റെ മണ്ഡലമായ ധർമടത്ത് രണ്ടാം റൗണ്ടിൽ തന്നെ കെ. ​സുധാകരൻ 2205 വോട്ടിന്‍റെ ലീഡ് നേടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മണ്ഡലമായ തളിപ്പറമ്പിലും കെ.കെ.ശൈലജയുടെ മണ്ഡലമായ മട്ടന്നൂരിലും കെ. ​സുധാകരൻ ലീഡ് പിടിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ആകെയുള്ള 7 മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും സിപിഐഎമ്മിനായിരുന്നു വിജയം. കൂടാതെ മട്ടന്നൂരില്‍ കെ കെ ശൈലജക്കായിരുന്നു സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ കെ ശൈലജ അറുപതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. ഈ മണ്ഡലത്തില്‍ ജയരാജന് ഈ തിരഞ്ഞെടുപ്പില്‍ 3188 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്‍റെ തേരോട്ടം. ഇതിനു പുറമെ ബിജെപിക്ക് ആദ്യമായി ഒരു ലക്ഷം വോട്ട് കടന്നതും സിപി​എമ്മിന് തിരിച്ചടിയായി.

നിലവില്‍ കണ്ണൂര്‍ എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വനം, കായിക മന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. കെഎസ്‌യുവിന്‍റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. 1984 മുതല്‍ 1991 വരെ കെപിസിസിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായിരുന്ന സുധാകരന്‍ 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡിസിസിയുടെ പ്രസിഡന്‍റായിരുന്നു. 1991-2001 കാലഘട്ടത്തില്‍ യു​ഡി​എഫിന്‍റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2018-2021 കെപിസിസി വര്‍ക്കി​ങ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. 2021 മുതല്‍ കെപിസിസിയുടെ അധ്യക്ഷനായി.

Trending

No stories found.

Latest News

No stories found.