

അഖിൽദാസ്, ദാസ്,ശിവദാസ്
കോട്ടയം: കോട്ടയത്ത് ആഭിചാര ക്രിയകളുടെ മറവിൽ യുവതിക്ക് മർദനം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. യുവതിയുടെ ഭർത്താവ് മണർക്കാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഭർതൃപിതാവ് ദാസ് (55), മന്ത്രവാദി ശിവദാസ് (54) എന്നിവരെയാണ് മണർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ശരീരത്തിൽ ബന്ധുക്കളുടെ ആത്മാവ് കയറിയിട്ടുണ്ടെന്നും, ഇത് ഒഴിപ്പിക്കാനെന്ന പേരിലാണ് ഭർതൃ വീട്ടുകാർ ആഭിചാര ക്രിയ നടത്തിയത്. ഭർത്താവും, ഭർതൃപിതാവുമാണ് ആഭിചാരക്രിയ്ക്ക് യുവതിയെ നിർബന്ധിപ്പിച്ചത്. നവംബർ 2 ന് രാവിലെ 11 മണിക്ക് ആരംഭിച്ച പൂജകൾ അവസാനിച്ചത് രാത്രി 10 മണിക്കാണ്. പൂജ കഴിയുംവരെ യുവതിക്ക് ഭക്ഷണം ഒന്നുതന്നെ നൽകിയിരുന്നില്ല.
രാത്രി 10 മണിക്ക് ശേഷമാണ് യുവതിക്ക് ഭക്ഷണം നൽകിയത്. കൂടാതെ മന്ത്രവാദത്തിന്‍റെ പേരിൽ യുവതിക്ക് മദ്യം നൽകുകയും, ബീഡി വലിപ്പിക്കുകയും, ഭസ്മം തീറ്റിക്കുകയും ചെയ്തു. പൂജയുടെ ഭാഗമായി യുവതിയുടെ മുടി മുറിച്ചു മാറ്റുകയും ചെയ്തു. സിഗരറ്റ് കുറ്റി കൊണ്ടുളള മുറിവും നെറ്റിയിലുണ്ട്. ക്രൂര മർദനമേറ്റ യുവതി വിവരം അച്ഛനെ അറിയിച്ചതിനെ തുടർന്ന് അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.