
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് പരാമർശമുള്ളത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇങ്ങെനയൊരു പരാമർശമില്ല. നവീൻ ബാബുവിന്‍റേത് തൂങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.
അതേസമയം നവീൻ ബാബുവിന്‍റേത് കൊലപാതകമല്ല ആത്മഹത‍്യ തന്നെയാണെന്നാണ് സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ‍്യ ഉദ‍്യോഗസ്ഥരുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചതിൽ മനംനൊന്താണ് നവീൻ ആത്മഹത‍്യ ചെയ്തതെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത‍്യവാങ്മൂലത്തിൽ പറയുന്നത്.
നവീൻ ബാബുവിന്‍റെ മരണം കൊലപാതമാണെന്ന കുടുംബത്തിന്‍റെ സംശയം പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ നവീന്‍റെ മരണം ആത്മഹത‍്യ തന്നെയാണെന്നായിരുന്നു പോസ്റ്റ് മോർട്ടം ചെയ്ത ഡോക്‌ടർമാരും ഫോറൻസിക് സംഘവും അറിയിച്ചത്.