തിരുവനന്തപുരം: 22 പേരുടെ മരണത്തിന് കാരണമായ താനൂർ ബോട്ടപകടത്തിൽ സ്രാങ്ക് ദിനേശന്‍റെ മൊഴി രേഖപ്പെടുത്തി. നേരത്തെയും ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ഇതെല്ലാം, ബോട്ടുടമ നാസറിന്‍റെ അറിവോടെയായിരുന്നെന്നും ദിനേശൻ മൊഴി നൽകി. പ്രതിയെ പരപ്പനങ്ങാടി കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.
കേസിൽ ബുധനാഴ്ച മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ബോട്ടിൽ സഹായികളായി ജോലി ചെയ്തിരുന്ന അപ്പു, അനിൽ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റ് ചെയ്തിരുന്ന ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റിയിരുന്നു.
മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവ്വീസ് നടത്താൻ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളറിയാൻ ബോട്ടുടമയെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാൽ റിമാൻഡിൽ കഴിയുന്ന നാസറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.