

നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഡോ. എ.പി. മജീദ് ഖാന് അന്ത്യാഞ്ജലി അർപ്പിക്കുന്നു.
തിരുവനന്തപുരം: അറിവിന്‍റെ വെളിച്ചം പകർന്ന സൂര്യതേജസ് ഡോ. മജീദ് ഖാന് ജന്മനാട് കണ്ണീരോടെ വിട നൽകി. നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്‌ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാന് (91) ജന്മനാടായ കേരളവും കർമനാടായ തമിഴ്നാടും യാത്രാമൊഴിയേകുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അന്തരിച്ചു. മരണവാർത്ത അറിഞ്ഞ് നാനാഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് അവസാനമായി ഒരു നോക്ക് കാണാനും അന്ത്യമോപചാരം അർപ്പിക്കുവാനും നെയ്യാറ്റിൻകരയിലെ മജീദ് ഖാന്‍റെ വസതിയിൽ എത്തിയത്.
രാവിലെ തക്കല നൂറുൽ ഇസ്‌ലാം സർവകലാശാലയിലും തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വവസതിയിലും നടത്തിയ പൊതുദർശനത്തിന് ആയിരങ്ങളാണ് യാത്രയയപ്പ് നൽകിയത്. രാവിലെ നെയ്യാറ്റിൻകരയിലെ വീട്ടിൽ നിന്ന് കർമമണ്ഡലമായ തമിഴ്നാട്ടിലെ തക്കല കുമാരകോവിൽ നൂറുൽ ഇസ്‌ലാം സർവകലാശാലയിൽ പൊതുദർശനത്തിനായി പോകും വഴി ഡോ. എ.പി. മജീദ് ഖാന്‍റെ ചിത്രവുമായി റോഡിന്‍റെ ഇരുവശങ്ങളിലുമായി നിറകണ്ണീരോടെയാണ് ജനങ്ങൾ കാത്ത് നിന്നത്. പൂർവ വിദ്യാർഥികൾ, ജീവനക്കാർ, നാട്ടുകാർ, വിദ്യാർഥികൾ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.
അമരവിള എൻഐഐടിയിലും സ്വവസതിയിലും പൊതുദർശനത്തിന് വച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി ജി.ആർ. അനിൽ, കൊടികുന്നിൽ സുരേഷ് എംപി, തമിഴ്നാട് എംപിമാരായ വിജയ് വസന്ത്, റോബർട്ട് ബ്രൂസ്, എംഎൽഎമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, അഡ്വ. വിൻസന്‍റ്, വർക്കല വി. ജോയ്, തമിഴ്നാട് എംഎൽഎമാരായ പ്രിൻസ്, രാജേഷ് കുമാർ, എം.ആർ. ഗാന്ധി, മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മുൻ സ്പീക്കർ എൻ. ശക്തൻ, മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. മുരളീധരൻ, എം.എം. ഹസ്സൻ, പന്തളം സുധാകരൻ, സി. ദിവാകരൻ, പി.കെ. ശ്രീമതി, ബാലൻ, പന്ന്യൻ രവീന്ദ്രൻ, കെ.എസ്. ശബരിനാഥൻ, എം. ലിജു, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ്, ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, ആർഎസ്എസ് പ്രചാരക് എസ്. സേതുമാധവൻ, ബിജെപി നേതാക്കളായ കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് രഘു ചന്ദ്രൻ നായർ, സെക്രട്ടറി ജോജി, പുന്നല ശ്രീകുമാർ, കേരള ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി സുനിൽകുമാർ, ഭീമ ഗോവിന്ദൻ, ഡോ. സഹദുള്ള, ശിവൻകുട്ടി, ഡോ. മനോജ്, പഞ്ചായത്ത് പ്രസിഡന്‍റുമാർ, കൗൺസിലർമാർ, വ്യവസായ പ്രമുഖർ, മാധ്യമപ്രവർത്തകർ, വിവിധ സ്ഥാപന മേധാവികൾ, ശിവഗിരി മഠം പ്രതിനിധികൾ, ഐഎംഎ പ്രതിനിധികൾ, സിനിമാ സീരിയിൽ താരങ്ങൾ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എംപി, തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി മനോതങ്കരാജ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി .
വൈകുന്നേരം നാല് മണിക്ക് നെയ്യാറ്റിൻകര ഠൗൺ ജുമാ മസ്ജിദിൽ കബറടക്കം നടത്തി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു ഡോ. മജീദ് ഖാൻ. അമരവിളയിൽ എൻഐഐടിഐ എന്ന പേരിൽ കേരളത്തിലെ ആദ്യ സ്വകാര്യ സാങ്കേതിക പരിശീലന സ്ഥാപനം ആരംഭിച്ചുകൊണ്ടാണ് അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ചരിത്രം കുറിച്ചത്. കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജിന്‍റെ സ്ഥാപകനായ അദ്ദേഹം, ഇന്ത്യ-ചൈന യുദ്ധകാലത്ത് സൈനികർക്കും എയർക്രാഫ്റ്റ് എഞ്ചിനീയർമാർക്കും സാങ്കേതിക പരിശീലനം നൽകുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കേരളത്തിന്‍റെ വൈദ്യുതീകരണ ദൗത്യത്തിലും പ്രത്യേകിച്ച് മലബാർ മേഖലയിൽ അദ്ദേഹം നൽകിയ സേവനങ്ങൾ ഏറെ ശ്രദ്ധേയമാണ്. നൂറുൽ ഇസ്‌ലാം ട്രസ്റ്റിന്‍റെ 50-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിച്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആരോഗ്യരംഗത്തെ വലിയൊരു ചുവടുവെപ്പായി മാറി.
വയനാട് പ്രകൃതി ദുരന്ത സമയത്ത് നാം കണ്ടത് അദ്ദേഹം സമൂഹ ഉന്നമനത്തിനായി നടത്തിയ ഉദാത്ത സേവനമാണ്. ചൂരൽമല മുണ്ടക്കൈയിൽ നിന്നുള്ള 150 കുട്ടികൾക്കാണ് സൗജന്യ ഉന്നത വിദ്യാഭ്യാസം ഒരുക്കിയത്. എഞ്ചിനീയറിങ്, അലൈഡ് ഹെൽത്ത് സയൻസസ് പോലുള്ള മേഖലകളിൽ പൂർണ്ണമായും സൗജന്യമായി ഉന്നത വിദ്യാഭ്യാസം, ഭക്ഷണവും താമസ സൗകര്യവും നൽകുന്ന പദ്ധതി നടപ്പിലാക്കിയതും മാതൃകാപരമായി.
400ലധികം വിദ്യാർഥികൾക്ക് പ്രതിവർഷം സൗജന്യ വിദ്യാഭ്യാസ സ്കോളർഷിപ്പ്; അംഗവൈകല്യമുള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങി നീളുന്നു വിദ്യാഭ്യാസ പദ്ധതികൾ.
നെയ്യാറ്റിൻകര വെള്ളംകുളം ബംഗ്ലാവിൽ അലിസൻ മുഹമ്മദിന്‍റെയും സൽമാബീവിയുടെയും മകനായി ജനിച്ച ഇദ്ദേഹത്തിന്‍റെ ഭാര്യ സൈഫുന്നീസയാണ്. നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്നം ഷഫീക്ക്, നൂറുൽ ഇസ്‌ലാം സർവകലാശാല പ്രൊ-ചാൻസലറും നിംസ് മെഡിസിറ്റി എം.ഡിയുമായ എം.എസ്. ഫൈസൽ ഖാൻ എന്നിവരാണ് മക്കൾ. പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. സലിം ഷഫീക്ക്, ഫാത്തിമ മിസാജ് (കല്ലട്ര) എന്നിവർ മരുമക്കളാണ്. ഫഹീസ് ഷഫീഖ്, ഫർസീൻ ഷഫീഖ്, സുഹറ ഖാൻ, സൊഹൈബ് ഖാൻ എന്നിവർ ചെറുമക്കളാണ്.