ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണത്തിന്‍റെ ഹബ്: വെളിപ്പെടുത്തലുമായി പ്രദേശവാസി

തലശേരി എരഞ്ഞോളിയിൽ വർഷങ്ങളായി സ്ഥിരം ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന്, സ്ഫോടനത്തിൽ മരിച്ചയാളുടെ അയൽവാസി
Representative image
ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണത്തിന്‍റെ ഹബ്: വെളിപ്പെടുത്തലുമായി പ്രദേശവാസിFreepik
Updated on

കണ്ണൂർ: വീട്ടുപറമ്പിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ സ്റ്റീൽ ബോംബ് പൊട്ടിത്തെറി‍ച്ച് കൊല്ലപ്പെട്ട തലശേരി എരഞ്ഞോളിയിൽ വർഷങ്ങളായി സ്ഥിരം ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ അയൽവാസിയായ സീനയുടെ വെളിപ്പെടുത്തൽ.

ഇവിടെ ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും ആരെങ്കിലും അതു തുറന്നുപറഞ്ഞാൽ അവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കുമെന്നും കൊല്ലപ്പെട്ട എരഞ്ഞോളി കുടക്കളം ആയിനിയാട്ട് മീത്തല്‍ പറമ്പില്‍ ആയിനിയാട്ട് വേലായുധന്‍റെ (85) അയൽവാസിയായ സീന മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വേലായുധന്‍റെ വീട് സന്ദര്‍ശിച്ച നിയുക്ത വടകര എംപി ഷാഫി പറമ്പിലിന്‍റെ സാന്നിധ്യത്തിലായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

"പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്. ആരെങ്കിലും തുറന്നുപറഞ്ഞാൽ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. പിന്നെയിവിടെ ജീവിക്കാൻ അനുവദിക്കില്ല. ഒഴിഞ്ഞുകിടക്കുന്ന വീടുകളൊക്കെ അവരുടെ, പാർട്ടിക്കാരുടെ ഹബ്ബാണ്. ഞങ്ങള്‍ സാധാരണക്കാരാണ്. മരിച്ചതും സാധാരണക്കാരാണ്. ഞാൻ ഇതൊക്കെ തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. തുറന്നുപറയുന്നതിനാൽ ഞങ്ങളുടെ വീടിനും ബോംബെറിയും. ആരു പറഞ്ഞോ അവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. പിന്നെ ഞങ്ങളെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല. നിങ്ങൾക്കു സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുക''- കൈകൂപ്പിക്കൊണ്ട് അവർ പറഞ്ഞു.

"ഇവിടെ അടുത്താണ് മുമ്പ് ഒരു ബിജെപിക്കാരന്‍റെ കാലുവെട്ടിയത്. പലരും പേടിച്ചിട്ടാണ് പുറത്തുപറയാത്തത്. ഞങ്ങൾ സാധാരണക്കാർക്ക് ഇവിടെ ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കണം. അത് അവകാശമാണ്. ബോംബ് പൊട്ടി മരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മക്കൾക്കു ഭയമില്ലാതെ പറമ്പിലൂടെ പുറത്തിറങ്ങി കളിക്കാൻ കഴിയണം. അവർ ബോംബ് വീണു മരിക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ?

15 കൊല്ലം മുമ്പ് ഞങ്ങൾ വാടകയ്ക്ക് നൽകിയിരുന്ന വീടിന്‍റെ പറമ്പില്‍ നിന്ന് മൂന്നു ബോംബുകള്‍ ലഭിച്ചിരുന്നു. തുടർന്ന് താമസക്കാർ ഒഴിഞ്ഞു പോയി. പൊലീസ് അറിയാതെ സിപിഎം പ്രവര്‍ത്തകര്‍ അവ എടുത്തുമാറ്റി. ഒരാൾ കൊല്ലപ്പെട്ടതിനാലാണ് ഇക്കാര്യങ്ങളൊക്കെ പുറത്തേക്കു വരുന്നത് ''- അടുത്തുനിന്ന സ്വന്തം അമ്മ വിലക്കിയിട്ടും യുവതി വെളിപ്പെടുത്തി. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ പറയുമെന്നും, ഇനി എത്രനാൾ പിടിച്ചുനിൽക്കാൻ പറ്റുമെന്നും അവർ അമ്മയോടു തിരിച്ചു ചോദിച്ചു.

പ്രദേശത്തെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും സിപിഎം ബന്ധമുള്ളവരായിട്ടു പോലും പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്. ഈ സംഭവത്തിലും രാഷ്‌ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സിപിഎം രംഗത്തുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, പോലീസ് ഉത്തരവാദിത്വം ഏറ്റെടുക്കണം- ഷാഫി പറഞ്ഞു.

Trending

No stories found.

Latest News

No stories found.