മാതാപിതാക്കൾ ഇരുവരും ഒരാഴ്ചക്കിടെ മരണപ്പെട്ടു; ഒറ്റപ്പെട്ടുപോയ ഗോകുൽ പ്രസാദിന് പീസ് വാലി തുണയായി

മാതാപിതാക്കൾ ഇരുവരും ഒരാഴ്ചക്കിടെ മരണപ്പെട്ടു; ഒറ്റപ്പെട്ടുപോയ ഗോകുൽ പ്രസാദിന് പീസ് വാലി തുണയായി

സംസാര ശേഷിയും ചലന ശേഷിയും ഇല്ലാത്ത ഗോകുലിന് ദിവസങ്ങളോളം കൃത്യമായ ഭക്ഷണവും പരിചരണവും ലഭിച്ചില്ല
Published on

കോതമംഗലം: മാതാപിതാക്കൾ ഇരുവരും അഞ്ചു ദിവസത്തിനുള്ളിൽ മരണപ്പെട്ടതോടെ പൂർണമായും അനാഥനായി പോയ പാലക്കാട്‌ മങ്കര സ്വദേശി ഗോകുൽ പ്രസാദിനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു.

പാലക്കാട്‌ മങ്കര ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാർഡിൽ പരിയാശ്ശേരി സ്വദേശികളായ ഗുരുവായൂരപ്പൻ - പുഷ്പ ദമ്പതികളുടെ ഏക മകനാണ് 31 കാരനായ ഗോകുൽ പ്രസാദ്. ഇക്കഴിഞ്ഞ മെയ് 22 ന് ആണ് ഓട്ടോ ഡ്രൈവർ ആയ ഗോകുലിന്റെ പിതാവ് ഗുരുവായൂരപ്പൻ വാഹനാപകടത്തിൽ മരണപ്പെട്ടത്. അഞ്ച് ദിവസങ്ങൾക്ക്‌ ശേഷം അമ്മ പുഷ്പയും മരണപ്പെട്ടതോടെ 80% ഭിന്നശേഷിയുള്ള ഗോകുൽ പൂർണ്ണമായും അനാഥനായി.

സംസാര ശേഷിയും ചലന ശേഷിയും ഇല്ലാത്ത ഗോകുലിന് ദിവസങ്ങളോളം കൃത്യമായ ഭക്ഷണവും പരിചരണവും ലഭിച്ചില്ല. ഗോകുലിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്നാഭ്യർത്ഥിച്ച് ബന്ധുക്കൾ പഞ്ചായത്ത്‌ സെക്രട്ടറിയെ സമീപിക്കുകയും വിഷയം ജില്ലാ കളക്ടറുടെ മുൻപാകെ എത്തുകയും ചെയ്തു. തുടർന്ന് ആവശ്യമായ നടപടികൾ കൈകൊള്ളാൻ ജില്ലാ സാമൂഹിക നീതി ഓഫിസർക്ക്‌ കളക്ടർ നിർദേശം നൽകി.

ജില്ലാ സാമൂഹിക നീതി ഓഫിസർ സമീർ മച്ചിങ്ങൽ കോതമംഗലം പീസ് വാലിയുമായി ബന്ധപെട്ടതോടെയാണ് ഗോകുലിന് പുതു ജീവിതത്തിലേക്ക് വഴി തുറന്നത്. ഗോകുലിന്റെ ദയനീയ വിവരം വിവരം അറിഞ്ഞു മണിക്കൂറുകൾക്കകം പാലക്കാട്‌ എത്തിയ പീസ് വാലി ഭാരവാഹികൾ ഗോകുൽ പ്രസാദിനെ ഏറ്റെടുത്തു. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് ഗോകുൽ പ്രസാദിനെ പ്രവേശിപ്പിച്ചത്. ഭാരവാഹികളായ ഫാറൂഖ് കരുമക്കാട്ട്, പി എം അഷ്‌റഫ്‌ പഞ്ചായത്ത്‌, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

logo
Metro Vaartha
www.metrovaartha.com