ബ്രഹ്മപുരത്തെ മാലിന്യം വളമായി ഗൾഫിലേക്ക് | Video

പ്രതിദിനം 25 ടൺ മാലിന്യം സംസ്കരിക്കും, ഇത്തരത്തിൽ നിർമിച്ച 120 ടൺ ജൈവവളം അടുത്ത ആഴ്ച കപ്പലിൽ ദുബായിലേക്ക് അയയ്ക്കും

കൊച്ചി: എറണാകുളം ജില്ലയുടെ പേടിസ്വപ്നം എന്ന വിശേഷണം ബ്രഹ്മപുരത്തെ വിട്ടൊഴിയാനുള്ള വഴി തെളിഞ്ഞു. ഇവിടെ തള്ളുന്ന മാലിന്യം ജൈവവളമാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതിയുടെ ആദ്യ ഘട്ടം വിജയം.

ഫാബ്കോ എന്ന സ്വകാര്യ സ്ഥാപനം പ്രതിദിനം 25 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്‍റ് ഇവിടെ സ്ഥാപിച്ചതോടെയാണ് മാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരം എന്ന പ്രതീക്ഷ വളരുന്നത്. ഇത്തരത്തിൽ സംസ്കരിച്ച് ജൈവ വളമാക്കി മാറ്റിയ 120 ടൺ മാലിന്യമാണ് അടുത്ത ആഴ്ച ദുബായിലേക്ക് കപ്പലേറി പോകുന്നത്.

മാലിന്യ സംസ്കരണം പ്രായോഗികമാകുന്നു എന്നതിനൊ‌പ്പം, സംസ്ഥാനത്തിനു വിദേശനാണ്യവും നേടിത്തരുന്ന പദ്ധതിയാണിത്.

മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ലത്തീഫിന്‍റെയും നിയാസിന്‍റെയും നേതൃത്വത്തിലാണ് ഇവിടെ പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്. എട്ട് ദിവസമെടുത്താണ് ജൈവ മാലിന്യത്തെ കമ്പോസ്റ്റാക്കി മാറ്റുന്നത്. ഇതിനുപയോഗിക്കുന്നത് പ്രത്യേക ഇനം പുഴുക്കളെയും. ദു‌ബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഫാം എന്ന കമ്പനിയാണ് ഇവിടെനിന്ന് വളം വാങ്ങാൻ ഇപ്പോൾ കരാറെടുത്തിരിക്കുന്നത്.

2023ൽ എറണാകുളത്തെയും സമീപ ജില്ലകളെയും ഒരുപോലെ ആശങ്കയിലാക്കിയ തീപിടിത്തത്തിനു ശേഷം ഉയർന്നുവന്ന ആശയമാണ് ഇപ്പോൾ പ്രവൃത്തിപഥത്തിലെത്തിയിരിക്കുന്നത്. മാലിന്യം വളമാക്കി മാറ്റുന്നതിന് കൊച്ചി കോർപ്പറേഷനുമായി ഫാബ്കോ കരാറിലെത്തുകയായിരുന്നു. 25 ടൺ ശേഷി 50 ടണ്ണായി വർധിപ്പിക്കാനും ഇപ്പോൾ അനുമതിയായിട്ടുണ്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com