ബ്രഹ്മപുരം തീപിടിത്തം: അഗ്നിരക്ഷാസേന നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനം

ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസമാകുന്നുണ്ട്
ബ്രഹ്മപുരം തീപിടിത്തം: അഗ്നിരക്ഷാസേന നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനം

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് അഗ്നിരക്ഷാസേന നടത്തുന്നതെന്ന് സർക്കാർ. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകരാണ് പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവർത്തിക്കുന്ന അഗ്നിരക്ഷാസേന നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനമാണെന്നും സർക്കാർ പറഞ്ഞു.

ഇതുവരെ 70 ശതമാനത്തോളം പുക പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ 110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കാണ് തീപിടുത്തം ഉണ്ടായത്. തീ പിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാല് അടി താഴ്ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക പൂർണ്ണമായും അണയ്ക്കുന്നത്. കൂടാതെ 20 ഫയർ ടെൻഡറുകളും ഉണ്ട്. ഒരു ഫയർ ടെൻഡറിൽ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലാണ് പമ്പുകളിൽ വെള്ളം എത്തിച്ച് അടിക്കുന്നത്. ഇതിനായി വലിയ പമ്പുകളിൽ കടമ്പ്രയാറിൽ നിന്നാണ് വെള്ളം അടിക്കുന്നത്.

അതേസമയം ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ അപകടകരമായ രീതിയിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റീജിയണൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com