Bribery case in which ED officer is accused; Vigilance to question ED Assistant Director Shekhar Kumar

ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റര്‍ ശേഖർ കുമാർ

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; ശേഖർ കുമാറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്

കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റർ ശേഖർ കുമാർ.
Published on

ൊകൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റര്‍ ശേഖർ കുമാറിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. കേസിലെ മറ്റ് പ്രതികളുമായി ശേഖര്‍കുമാര്‍ ആശയവിനിമയം നടത്തിയതിന്‍റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇഡി അസിസ്റ്റന്‍റ് ഡയറക്റ്റർ ശേഖർ കുമാർ.

കേസൊതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്‍റെ ആദ്യഘഡു കൈപ്പറ്റുന്നതിനിടെ ഏജന്‍റുമാരായ വിൽസൻ, ഹവാല ഇടപാടുകാരൻ മുകേഷ് എന്നിവരെ വിജിലൻസ് കൈയോടെ പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാര്യരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസമായി പിടിയിലായവരും ശേഖർകുമാറുമായുളള ബന്ധം ഉറപ്പിക്കുന്ന തെളിവുകൾ‌ തേടുകയായിരുന്നു വിജിലൻസ്.

പിടിയിലായവരുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചു. ഐഫോണിലെ ഫേസ് ടൈം പ്ലാറ്റ് ഫോമിലൂടെയായിരുന്നു ശേഖര്‍ കുമാര്‍ മറ്റ് പ്രതികളും തമ്മിലുള്ള ആശയവിനിമയം. മണിക്കൂറുകളോളം ശേഖര്‍ കുമാര്‍ പ്രതികളുമായി സംസാരിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തി. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

കേസിൽ ശേഖർ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കണമെന്നും ശേഖര്‍ കുമാറിന് നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റ് ചെയ്താലും കോടതി ഉത്തരവുള്ളതിനാല്‍ ജാമ്യം ലഭിക്കും.

logo
Metro Vaartha
www.metrovaartha.com