പാലക്കാട് കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു

കഴിഞ്ഞ 20 വർഷമായി മണ്ണാർക്കാട് താലൂക്കില വിവിധ വില്ലേജുകളിലായാണ് സുരേഷ് ജോലി ചെയ്തിരുന്നത്.
പാലക്കാട് കൈക്കൂലി കേസ്: വില്ലേജ്  അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു
Updated on

പാലക്കാട്: കൈക്കൂലി കേസിൽ പ്രതിയായ പാലക്കയം വില്ലേജ് ഓഫീസ് ആസിസ്റ്റന്‍റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലന്‍സ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചതിനെ തുടർന്ന് 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.

കൈക്കൂലി കിട്ടുന്നതു വരെ സർട്ടിഫിക്കറ്റുകളും മറ്റും നടപടിയാക്കാതെ പിടിച്ചു വയ്‌ക്കുന്നത് പതിവായിരുന്നുവെന്നും, പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് സുരേഷ് കുമാർ കൈക്കൂലി കേസിൽ അറസ്റ്റിലായത്.

ഇയാൾ താമസിക്കുന്ന ഒറ്റ മുറിയിൽ നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപ, 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകൾ, 25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് രേഖകൾ, 17 കിലോഗ്രാം വരുന്ന നാണയശേഖരം എന്നിവയാണ് പിടിച്ചെടുത്തത്. ഇവയെല്ലാം അന്യായമായി സ്വന്തമാക്കിയതാണെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് സുരേഷ് കുമാർ. കഴിഞ്ഞ 20 വർഷമായി മണ്ണാർക്കാട് താലൂക്കില വിവിധ വില്ലേജുകളിലായാണ് സുരേഷ് ജോലി ചെയ്തിരുന്നത്.

45 ഏക്കർ സ്ഥലത്തിന്‍റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി പരാതിക്കാരനിൽ നിന്ന് 2500 രൂപയാണ് സുരേഷ്കുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണവുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളെജിൽ എത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. ഇതേത്തുടർന്ന് പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കൈയോടെ പിടി കൂടുകയായിരുന്നു.

അടുത്തുള്ള വ്യാപാര സ്ഥാപനത്തിൽ നിന്ന് നോട്ടെണ്ണുന്ന യന്ത്രം ഉപയോഗിച്ചാണ് വിജിലൻസ് പണമെണ്ണി തിട്ടപ്പെടുത്തിയത്. പുഴുങ്ങിയ മുട്ട, പുളി, തേൻ, കുടമ്പുളി, ജാതിക്ക തുടങ്ങിയ എന്തും കൈക്കൂലിയായി വാങ്ങാൻ മടിയില്ലാത്ത ഉദ്യോഗസ്ഥനായിരുന്നു സുരേഷ് എന്നു നാട്ടുകാരുടെ വെളിപ്പെടുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com