The complaint by petrol pump owner submitted to the Chief Minister
മുഖ്യമന്ത്രിക്ക് പമ്പ് ഉടമ നൽകിയ പരാതി

''എഡിഎം കൈക്കൂലി വാങ്ങി'', മരണത്തിനു മുൻപ് നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്കു നൽകിയ പരാതി പുറത്ത്

എൻഒസി അനുവദിക്കാൻ എഡിഎം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയ ശേഷമാണ് എൻഒസി കിട്ടിയതെന്നും പരാതിയിൽ പറയുന്നു
Published on

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. പെട്രോൾ പമ്പിന് എൻഒസിക്ക് അപേക്ഷിച്ച ടി.വി. പ്രശാന്തൻ എന്നയാൾ മുഖ്യമന്ത്രിക്കു നേരത്തെ നൽകിയിരുന്ന പരാതിയാണ് പുറത്തുവന്നിരിക്കുന്നത്.

എൻഒസി അനുവദിക്കാൻ എഡിഎം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയ ശേഷമാണ് എൻഒസി കിട്ടിയതെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ നിടുവാലൂർ സ്വദേശിയാണ് പരാതിക്കാരൻ.

ഒക്റ്റോബർ ആറിന് നവീൻ ബാബു തന്‍റെ താമസസ്ഥലത്തേക്കു വിളിച്ചു വരുത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും പരാതിയിലുണ്ട്. ആവശ്യപ്പെട്ട പണം തന്നില്ലെങ്കിൽ ഈ ജന്മത്തിൽ എൻഒസി കിട്ടില്ലെന്നും, ബന്ധുക്കളുടെുയം സുഹൃത്തുക്കളുടെയുമൊക്കെ മറ്റു ബിസിനസുകളിലും ജോലികളിലും തടസമുണ്ടാകുമെന്നും എഡിഎം ഭീഷണിപ്പെടുത്തിയതായും ആരോപണം.

പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ പണം എത്തിച്ചു കൊടുത്തതിനെത്തുടർന്ന് ഒക്റ്റോബർ എട്ടിനു തന്നെ എൻഒസി അനുവദിച്ചെന്നും പ്രശാന്തൻ.

പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതു സംബന്ധിച്ച് എഡിഎം ക്രമക്കേട് നടത്തിയെന്ന തരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ നടത്തിയ പരസ്യ പ്രതികരണമാണ് നവീൻ ബാബു ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് പരാതിക്കത്തും പുറത്തുവന്നിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com