സൈബി ജോസ്
സൈബി ജോസ്

ജഡ്ജിമാരുടെ പേരിൽ കോഴ: അന്തിമ റിപ്പോർട്ട് 2 മാസത്തിനുള്ളിൽ പരിഗണിക്കാന്‍ നിർദേശം

സൈബി ജോസ് 2019 മുതൽ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആർ

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്‍റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസിന്‍റെ അന്തിമ റിപ്പോർട്ട് 2 മാസത്തിനുള്ളിൽ പരിഗണിക്കാൻ വിജിലൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നല്‍കി. അന്തിമ റിപ്പോർട്ടിന്‍റെ പകർപ്പിന് അപേക്ഷ നൽകിയാൽ ഹർജിക്കാരന് പകർപ്പ് കൈമാറണമെന്നും കോടതി വ്യക്തമാക്കി.

പ്രതിയായ അഡ്വ. സൈബി ജോസ് തനിക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യവും അനുകൂല വിധിയും വാങ്ങി നല്‍കുമെന്ന് പറഞ്ഞ് കക്ഷികളുടെ കൈയില്‍ നിന്നും 72 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്ന ഗുരുതര ആരോപണമാണ് ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ ഉണ്ടായിരുന്നത്. കൊച്ചി സെൻട്രൽ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉൾപ്പെടുന്നതിനാലാണ് സൈബി ജോസിനെതിരായ വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ ജഡ്ജിക്ക് കൊടുക്കാന്‍ എന്ന നിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും, കക്ഷികളുടെ കയ്യില്‍ നിന്ന് വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണതെന്നുമാണ് ഹൈക്കോടതി വിജിലന്‍സിന് മുന്‍പാകെ സൈബി ജോസ് മൊഴി നല്‍കിയത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com