തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പറന്നു
File
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പറന്നു. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് നേവിയുടെ വിമാന വാഹിനി കപ്പൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരികെ പറന്നത്. യുകെയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി അറ്റകുറ്റപ്പണികൾ ചെയ്ത ശേഷമാണ് മടക്കം. തിങ്കളാഴ്ചയാണ് തിരികെ പറക്കാനുള്ള അനുമതി എഫ് - 35ബിക്ക് ലഭിച്ചത്.
ഇന്ത്യ- പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്നാണു ജൂൺ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ വിമാനം കഴിഞ്ഞ ദിവസം രാത്രി ഹാംഗറില്‍ നിന്ന് പുറത്തിറക്കി എന്‍ജിന്‍ക്ഷമത പരിശോധിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്‍റെയും ഓക്‌സിലറി പവര്‍ യൂനിറ്റിന്‍റെയും തകരാറുകളാണു പരിഹരിച്ചത്.
തിരികെ പറക്കുന്നതിനു മുന്നോടിയായി ടെയ്ക്ക് ഓഫ്, ലാന്‍ഡിങ് എന്നിവ പരീക്ഷിച്ച് വിമാനം പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കിയതോടെ വിമാനം പറത്തിക്കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞ ആഴ്ചയോടെ പൂർത്തിയാക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാനുള്ള ഉപകരണങ്ങളുമായി ബ്രിട്ടനില്‍നിന്ന് 14 അംഗ സംഘം എയര്‍ബസ് 400ല്‍ ആണ് തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് നിന്ന് ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്കാണ് വിമാനം പറന്നത്.