ഗുഡ് ബൈ കേരള...: ട്രോൾ നായകൻ എഫ് 35 ബി മടങ്ങുന്നു

ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി പോര്‍വിമാനത്തിന്‍റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു
British warplane set to leave Kerala

ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് -35ബി

Updated on

തിരുവനന്തപുരം: ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി പോര്‍വിമാനത്തിന്‍റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. കെടിഡിസിയുടേത് ഉൾപ്പെടെ പല പരസ്യങ്ങളിലും അതിലധികം ട്രോളുകളിലും നായകനായ വിമാനത്തിന്, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ഓഫിസില്‍നിന്ന് ക്ലിയറന്‍സ് ലഭിച്ചാലുടന്‍ മടങ്ങിപ്പോകാം.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ വിമാനം കഴിഞ്ഞ ദിവസം രാത്രി ഹാംഗറില്‍ നിന്ന് പുറത്തിറക്കി എന്‍ജിന്‍ക്ഷമത പരിശോധിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്‍റെയും ഓക്‌സിലറി പവര്‍ യൂനിറ്റിന്‍റെയും തകരാറുകളാണു പരിഹരിച്ചത്. തിരികെ പറക്കുന്നതിനു മുന്നോടിയായി ടെയ്ക്ക് ഓഫ്, ലാന്‍ഡിങ് എന്നിവ പരീക്ഷിച്ച് വിമാനം പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കും.

തകരാര്‍ പരിഹരിക്കാനുള്ള ഉപകരണങ്ങളുമായി ബ്രിട്ടനില്‍നിന്ന് 14 അംഗ സംഘം എയര്‍ബസ് 400ല്‍ ആണ് തിരുവനന്തപുരത്തെത്തിയത്. വിദഗ്ധ സംഘത്തെയും ഉപകരണത്തെയും തിരികെ കൊണ്ടുപോകുന്നതിനായി സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനം എത്തും.

ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്നാണു കഴിഞ്ഞ മാസം 14ന് തിരുവനന്തപുരത്ത് ഇറക്കിയത്.

അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് രണ്ട് എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തെത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായിരുന്നില്ല. പിന്നീട് ബ്രിട്ടനില്‍നിന്ന് വിദഗ്ധരെത്തി വിമാനം ഹാംഗറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com