കെട്ടിട നിർമ്മാണ പെർ‌മിറ്റ് ഫീസ് 60% വരെ കുറയ്ക്കും

നികുതി റിബേറ്റ്: 1 വര്‍ഷത്തെ വസ്തുനികുതി ഏപ്രില്‍ 30നകം ഒടുക്കുകയാണെങ്കില്‍ 5% റിബേറ്റ് അനുവദിക്കാനും തീരുമാനം. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നല്‍കുന്നതെന്ന് മന്ത്രി
Building permit fees will be reduced by up to 60%
കെട്ടിട നിർമ്മാണ പെർ‌മിറ്റ് ഫീസ് 60% വരെ കുറയ്ക്കും
Updated on

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ തീരുമാനം. 60ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു . 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു 81 സ്ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്.

കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1ന് നിലവില്‍ വരും. ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് സ്ക്വയര്‍ മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും.

മുന്‍സിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോര്‍പറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതല്‍ 300 സ്ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളില്‍ സ്ക്വയര്‍ മീറ്ററിന് 100 രൂപ എന്നതില്‍ നിന്ന് 50 ആയും, മുന്‍സിപ്പാലിറ്റികളില്‍ 120ല്‍ നിന്ന് 60 രൂപയായും, കോര്‍പറേഷനില്‍ 150ല്‍ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്ക്വയര്‍ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളില്‍ 150ല്‍ നിന്ന് 100 രൂപയായി കുറയ്ക്കും, മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 200ല്‍ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58ശതമാനം വരെ കുറവ് വരുത്തി.

2023 ഏപ്രില്‍ 1 ന് മുന്‍പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീര്‍ണത്തിനും ഒരേ നിരക്കായിരുന്നു. എന്നാല്‍ 2023 ഏപ്രില്‍ 1ന് കെട്ടിടങ്ങളെ വിസ്തീര്‍ണത്തിന്‍റെ അടിസ്ഥാനത്തില്‍ 3 സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ 4 വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്തമായ നിരക്കാണ് ഏര്‍പ്പെടുത്തിയത്. ഈ ക്രമീകരണം തുടരും. കേരളത്തില്‍ നിലവിലുള്ള പെര്‍മിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെര്‍മ്മിറ്റ് ഫീസാണ് എന്ന വസ്തുത നിലനില്‍ക്കെ തന്നെയാണ് സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാന്‍ തയ്യാറാവുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com