
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കിനൊരുങ്ങുന്നു. അടുത്ത മാസം 21 മുതല്‍ പണിമുടക്കാനാണ് തീരുമാനം. ബസ് ഉടമകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായി ഈ മാസം 31ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുമെന്നും ബസ് ഉടമാ സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു. ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസുടമകള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധന നടപ്പിലാക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. ദൂരപരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറി ആക്കി മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.
ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംയുക്ത സമരസമിതി ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അവ നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സമരസമിതി ഭാരവാഹികള്‍ അറിയച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത സമര സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, കണ്‍വീനര്‍ ടി. ഗോപിനാഥന്‍, വൈസ് ചെയര്‍മാന്‍ ജോണ്‍സസ് പാറമാടന്‍ തുടങ്ങിയവർ പങ്കെടുത്തു.