
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ഇടതുപക്ഷം സെക്രട്ടേറിയറ്റ് വളയൽ അടക്കം നടത്തിയ സോളാർ അഴിമതി സമരം ഒത്തുതീർത്തതിനു പിന്നിൽ രഹസ്യ ധാരണയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ.
ഉമ്മൻചാണ്ടി സർക്കാരും ഇടതു മുന്നണിയുമായി ഏതോ ധാരണയിലെത്തിയതോടെയാണ് ആ സമരം അവസാനിപ്പിച്ചത്. അതിന് മുൻകൈയെടുത്തത് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. ധാരണയിലെത്തി. സമരം അവസാനിപ്പിക്കുകയാണെന്നു സമരമുഖത്തിരുന്ന താനടക്കമുള്ളവരെ പാർട്ടി നേതാക്കൾ അറിയിച്ചു. പക്ഷേ എന്താണു സംഭവിച്ചതെന്നറിയില്ല- ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
""സോളാർ സമരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. എൽഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞിരിക്കുകയാണ്, എന്തും നടക്കും എന്നതായിരുന്നു സ്ഥിതി. ഉമ്മൻചാണ്ടി കേന്ദ്രത്തോട് സഹായം അഭ്യർഥിച്ചു. പട്ടാളത്തെ വിളിച്ചു. രണ്ടുദിവസം അവധി പ്രഖ്യാപിച്ചു. ഞങ്ങൾ സമരത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അന്നേരം എന്തോ ഒരു സംഭാഷണം എവിടെയോ നടന്നു. എൽഡിഎഫുമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് ധാരണയിലെത്തി.
ധാരണയായി എന്ന് പാർട്ടി എന്നോട് പറഞ്ഞു. പാർട്ടിയുടെ തീരുമാനമായതിനാൽ അനുസരിച്ചു. ധാരണയെപ്പറ്റി പാർട്ടി പറഞ്ഞപ്പോൾ, അത് നിശബ്ദനായി നിന്നു കേട്ട് എകെജി സെന്ററിന്റെ പടിയിറങ്ങി ഞാൻ പോയി. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മുൻകൈ എടുത്തത്. അങ്ങനെ ആ സമരം ചീറ്റിപ്പോയി. അത് അങ്ങനെ അവസാനിപ്പിക്കാൻ പാടില്ലായിരുന്നു''- ദിവാകരൻ പറയുന്നു.
തിരുവഞ്ചൂർ മുൻകൈയെടുത്താണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടിയുടെ സ്വഭാവരീതിയനുസരിച്ച് അദ്ദേഹം രാജിവച്ചേനെ. അതിനു തിരുവഞ്ചൂരാണ് അനുവദിക്കാതിരുന്നത്- ദിവാകരൻ വെളിപ്പെടുത്തി. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത "കനൽ വഴികളിലൂടെ' എന്ന ദിവാകരന്റെ ആത്മകഥയിലും സോളാർ വിഷയം പ്രതിപാദിക്കുന്നുണ്ട്.
അതേസമയം, എന്നാൽ ദിവാകരന്റെ വാദങ്ങൾ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ. ബാലൻ രംഗത്ത് വന്നു. രഹസ്യ ഒത്തുതീർപ്പ് ഉണ്ടായിരുന്നില്ലെന്നും ജുഡീഷ്യൽ അന്വേഷണം തന്നെയായിരുന്നു സമരത്തിന്റെ ആവശ്യമെന്നും അത് അംഗീകരിക്കപ്പെട്ടതോടെ സമരം അവസാനിപ്പിക്കുകയായിരുന്നുവെന്നും ബാലൻ പ്രതികരിച്ചു.