മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര; സതീശന് ലോകായുക്തയുടെ നോട്ടീസ്

കെ.എം. ഷാജഹാൻ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി
cm vd satheesan flight to malappuram

വി.ഡി. സതീശൻ

Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് ലോകായുക്തയുടെ നോട്ടീസ്. മലപ്പുറം വിമാനയാത്രയുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സംസ്ഥാന സർക്കാരിനെ ഒന്നാം എതിർകക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും ഉൾപ്പെടുത്തിയാണ് നോട്ടീസ്.

കെ.എം. ഷാജഹാൻ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. മുഖ്യമന്ത്രിയുടെ യാത്ര ഔദ്യോഗിക പരിപാടിയുടെ ഭാഗമായിരുന്നോ അതോ സ്വകാര്യ സന്ദർശനമായിരുന്നോ എന്നതും യാത്രയ്ക്കായി സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടായോ എന്നതും സ്പോൺസർഷിപ്പാണെങ്കിൽ സ്പോൺസർ ആരാണെന്നുമടക്കമുള്ള കാര്യങ്ങൾ സതീശൻ വിശദീകരിക്കേണ്ടിവരും.

മുഖ്യമന്ത്രിയുടെ വിമാനയാത്ര സംബന്ധിച്ച് വിവാദമുയർന്നതോടെ സ്പോൺസർഷിപ്പാണെന്നായിരുന്നു സതീശൻ വിശദീകരിച്ചത്. എന്നാൽ ആരാണ് സ്പോൺസർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. സർക്കാരിനോ പൊതുഖജനാവിനോ ചെലവില്ലാതെയാണ് നിക്ഷേപകരെ കാണാൻ യാത്രനടത്തിയതെന്നും സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെയാണ് ലോകായുക്തയിൽ പരാതി ഉയർന്നത്.

പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് ലോകായുക്ത നോട്ടീസ് നൽകിയിരിക്കുന്നത്. സർക്കരും മുഖ്യമന്ത്രിയും വിഷയത്തിൽ വിശദീകരണം നൽകേണ്ടി വരും. കേസ് ജനുവരി 12 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.