
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം
representative image
തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. വിഷയം തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.
കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമത്തിലാണ് ഭേഗദതി വരുത്തിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലെ ഭേദഗതി പ്രാബല്യത്തിൽ വരൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയുടെ ആശങ്ക തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാറിന്‍റെ നീക്കം.
ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമണകാരികളായ മൃഗങ്ങളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവെച്ചു കൊല്ലാന്‍ വരെ അധികാരം നല്‍കുന്ന രീതിയിലാണ് ബില്ലിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. ബില്‍ പ്രാബല്യത്തിൽ വന്നാൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാന്‍ തന്നെ ഉത്തരവിടാന്‍ അധികാരമുണ്ടാകും.
നിലവിലെ നിയമമനുസരിച്ച് ഒരു വന്യ മൃഗത്തെ വെടിവച്ചുകൊല്ലാൻ നിരവധി നടപടിക്രമങ്ങളുണ്ട്. കാട്ടിലേക്ക് തുരത്തുന്നതിനാണ് മുൻഗണന. വെടിവച്ച് കൊല്ലാൻ അനുമതി നൽകുന്നത് ആറംഗ സംഘമാവും. ആക്രമിച്ച മൃഗത്തെയാണ് കൊലപ്പെടുത്തുന്നതെന്ന് ഉറപ്പാക്കാൻ ഫോട്ടോ ആവശ്യമാണ്. കടുവയാണെങ്കിൽ നരഭോജിയാണെന്ന് വ്യക്തത വേണം. എന്നിങ്ങനെ നിരവധി കടമ്പകളുണ്ട്.