ഒറ്റതവണ ശിക്ഷയിളവില്‍ നിര്‍ണായക തീരുമാനം, ബി. സന്ധ്യയ്ക്ക് പുതിയ പദവി; മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ബി. സന്ധ്യയ്ക്ക് പുനർ നിയമനം നൽകാനും സർക്കാർ തീരുമാനിച്ചു
B Sandhya
B Sandhya

തിരുവനന്തപുരം: ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവർക്ക് ഇളവ് നൽകാനുള്ള മാർഗ നിർദേശം അംഗീകരിച്ച് മന്ത്രിസഭാ യോഗം. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് സർക്കാർ നീക്കം. സ്ത്രീകൾക്കും കുട്ടികൾക്കുനേരെയുള്ള അതിക്രമം , ലഹരി കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭിക്കില്ല.

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ബി. സന്ധ്യയ്ക്ക് പുനർ നിയമനം നൽകാനും സർക്കാർ തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി മെംബർ സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. കളമശേരിയിൽ നടന്ന യഹോബ സാക്ഷികളുടെ യോഗത്തിൽ വച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകാനും തീരുമാനമായി.

തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന് വ്യക്തത വരുത്തി, 25.10.2022-ലെ ഉത്തരവ് ഭേദഗതി ചെയ്തു. ഭേദഗതിക്ക് 25.10.2022 മുതൽ മുൻകാല പ്രാബല്യം നൽകി.

നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് കേസുകളുടെ വിചാരണക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കും. എൽഡി ടൈപ്പിസ്റ്റ്, അറ്റന്‍റന്‍റ്, ക്ലർക്ക് എന്നീ തസ്തികകൾ വർക്കിങ്ങ് അറേജ്മെന്‍റ് മുഖേനയോ റീ ഡിപ്ലോയിമെന്‍റ് വഴിയോ നികത്തണമെന്നും സ്വീപ്പിങ്ങ് ജോലികൾക്കായി ഒരു ക്യാഷ്വൽ സ്വീപ്പറിനെ എംപ്ലോയിമെന്‍റ് എക്സചേഞ്ച് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിധേയമായി 10 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ നാല് മെന്‍റൽ ഹെൽത്ത് റിവ്യു ബോർഡുകളിൽ തസ്തികകൾ സൃഷ്ടിക്കും. അസിസ്റ്റന്‍റ് - നാല്, സ്റ്റെനോ ടൈപ്പിസ്റ്റ് - നാല്, ഓഫീസ് അറ്റന്‍റന്‍റ് - നാല്, സെക്യൂരിറ്റി പേഴ്സണൽ - മൂന്ന്, ക്യാഷ്വൽ സ്വീപ്പർ - നാല് എന്നിങ്ങനെയാണ് തസ്തികകള്‍.

വിനോദസഞ്ചാര വകുപ്പിലെ പദ്ധതികളുടെ നിർവ്വഹണത്തിനും മേൽനോട്ടത്തിനുമായി വിനോദസഞ്ചാര വകുപ്പിൽ ഒരു എഞ്ചിനീയറിംഗ് വിഭാഗം സൃഷ്ടിക്കും. 10 തസ്തികകൾ 3 വർഷത്തേയ്ക്ക് താൽക്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനങ്ങൾ നടത്തും. അസിസ്റ്റന്റ് എഞ്ചിനീയർ - 2, അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ - 7, എക്സിക്യൂട്ടീവ് എഞ്ചിനീയർ -1 എന്നിങ്ങനെയാണ് തസ്തികകൾ.

Trending

No stories found.

Latest News

No stories found.