സ്വകാര്യ ബസുകളിൽ ക്യാമറ; അപ്രായോഗികമെന്ന് ഉടമകൾ

നിലവിൽ സർവീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് പുതുക്കുമ്പോൾ മാത്രം സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിച്ചാൽ മതിയെന്നാണ് പുതിയ നിർദേശം
Private bus, Kerala
Private bus, KeralaRepresentative image

എം.എ. ഷാജി

തൃശൂർ: ബസുകളിൽ സീറ്റ് ബെൽറ്റും നിരീക്ഷണ ക്യാമറകളും ഘടിപ്പിക്കൽ നടപ്പാകാൻ ഇനിയും കാത്തിരിക്കണം. ഈ മാസം ഒന്ന് മുതൽ കെഎസ്ആർടിസി-സ്വകാര്യ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും സ്ഥാപിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവെങ്കിലും നടപ്പായില്ല. നിലവിൽ സർവീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് പുതുക്കുമ്പോൾ മാത്രം സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിച്ചാൽ മതിയെന്ന പുതിയ നിർദേശമാണ് ഉത്തരവ് നടപ്പാക്കാൻ തടസമായത്. റോഡപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ബസുകളിൽ കാമറ സ്ഥാപിക്കാനുള്ള സർക്കാർ നിർദേശത്തിൽ തങ്ങളുടെ ആശങ്ക സ്വകാര്യ ബസുടമകൾ സർക്കാരിനെ അറിയിച്ചിരുന്നു.

ബസുകളിൽ ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗത വകുപ്പ് നിർദേശം അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ നിലപാട്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലൊന്നും ബസുകളിൽ ക്യാമറ ഘടിപ്പിപ്പിട്ടില്ല. ക്യാമറയും സീറ്റു ബെൽറ്റും വേണമെന്നുള്ള തീരുമാനം സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. നിയമത്തിൽ ഇതേ കുറിച്ച് നിർദേശമില്ല. ഈവിഷയമുൾപ്പെടെ ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ കഴിഞ്ഞ 30ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തിയത്. ആദ്യ ഉത്തരവിൽ ഇളവ് നൽകാനുള്ള സർക്കാരിന്‍റെ പുനരാലോചനയ്ക്ക് ബസ് പണിമുടക്ക് കാരണമായി. ഇതേ തുടർന്നാണ് ആദ്യ ഉത്തരവിൽ ഗതാഗത വകുപ്പ് ഇപ്പോൾ വീണ്ടും ഇളവ് നൽകിയത്. പുതിയ ഇളവ് അനുവദിച്ച സാഹചര്യത്തിൽ ബസുകളിൽ ക്യാമറ സ്ഥാപിക്കൽ ഇനിയും നീളും.

ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് നവം.ഒന്നു മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു. ഹെവി വാഹനങ്ങൾ സീറ്റ് ബെൽറ്റിടാതെ ഓടിച്ചാൽ എ.ഐ ക്യാമറയുടെ പിടിവീഴും. സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനുള്ള കാലാവധി നേരത്തെ മൂന്നുതവണ നീട്ടിയിരുന്നുവെങ്കിലും ഇനി നീട്ടുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് ബസുകളില്‍ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന നിയമം സർക്കാർ കൊണ്ടുവന്നത്.

ജില്ലയിൽ പല ഡിപ്പോകളിലും ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി അടക്കമുള്ള ബസുകളിൽ സീറ്റ് ബെൽറ്റ് ഇനിയും ഘടിപ്പിക്കാനുണ്ട്. പുതിയ ഇളവിനെ തുടർന്ന് നിയമം ബാധകമല്ലെന്ന രീതിയിലാണ് കെഎസ്ആർടിസി-സ്വകാര്യ ബസുകൾ ഇപ്പോൾ സർവീസ് നടത്തുന്നത്. സർക്കാർ ഉത്തരവ് പ്രകാരം കെഎസ്ആർടിസി-സ്വകാര്യ ബസ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും ഇനി മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും ഈമാസം ഒന്നു മുതൽ പ്രാബല്യത്തിലായിട്ടുണ്ട്. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ സീറ്റ്‌ ബെൽറ്റ് നവം.ഒന്ന് മുതൽ നിർബന്ധമാക്കിയിരുന്നു.

സർക്കാർ ഉത്തരവ് അനുസരിച്ച് കാര്യേജ് ബസുകളിലും രണ്ടുവീതം ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കണം. യാത്രക്കാര്‍ക്ക് പരാതി നല്‍കാന്‍ ചുമതലയുള്ള മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍റെ നമ്പർ ബസുകളിൽ പ്രദര്‍ശിപ്പിക്കണം. ബസില്‍നിന്ന് റോഡിന്‍റെ മുന്‍വശവും അകവും കാണാവുന്ന തരത്തിലാണ് രണ്ടു ക്യാമറകൾ സ്ഥാപിക്കേണ്ടത്.

ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസന്‍സ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ബസിനകത്ത് പ്രദര്‍ശിപ്പിക്കണം. റോഡപകടങ്ങൾ വർധിക്കുകയും ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശനമുന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കർശന നടപടികൾ ഗതാഗത വകുപ്പ് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകള്‍ക്കും കോണ്‍ടാക്ട് ക്യാരിയേജുകള്‍ക്കും ക്യാമറകള്‍ നിര്‍ബന്ധമാണ്. ട്രാഫിക് അപകടങ്ങൾ നിരീക്ഷിക്കാനും ലഘൂകരിക്കാനും ബസുകൾക്കകത്തും പുറത്തും സമഗ്രമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി റോഡ് സുരക്ഷ വർധിപ്പിക്കാനാണ് ഗതാഗത വകുപ്പിന്‍റെ നീക്കം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com