തിരുവനന്തപുരം: കേരളത്തിലെ ട്രെയ്നുകളിൽ ഭിക്ഷാടകസംഘം ശക്തി പ്രാപിച്ചിരിക്കുകയാണെന്നും ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി ഫ്രണ്ട്സ് ഓൺ റെയ്ൽസ്.
കണ്ണുകളില്ലാത്തവർ, കാലുകളും കൈകളും ഇല്ലാത്ത നിസ്സഹായ രൂപങ്ങൾ ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണികൾ ചെന്നവസാനിക്കുന്നത് വലിയ ലോബികളിലാണ്. ട്രെയ്നുകളിലെ നിലം തുടച്ച് കൈകൾ നീട്ടുന്നവരിൽ ഭീഷണിയുടെ സ്വരമുണ്ട്.
ചില്ലറകൾ നൽകുന്നവരെ പുച്ഛിക്കാനും പരിഹസിക്കാനും അവർ ധൈര്യം കാട്ടുന്നു. എന്തെങ്കിലും കൊടുത്ത് ഒഴിവാക്കാൻ നാം ഇപ്പോൾ നിർബന്ധിതരായിരിക്കുന്നു. അതുവരെ കടന്നുപോകാതെ നീട്ടുന്ന കണ്ണുകളിൽ നിസഹായതയല്ല, ധാർഷ്ട്യമാണ് നിഴലിക്കുന്നത്.
ട്രെയ്നുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇവരിൽ പലരുടെയും സാന്നിധ്യമുണ്ട്. അതുകൊണ്ട് ട്രെയ്നുകളിലെയും പ്ലാറ്റ് ഫോമുകളിലെയും യാചകരെ പ്രോത്സാഹിപ്പിക്കരുത്. ഭിക്ഷ കൊടുക്കാതിരിക്കുക. കൊടുക്കുന്നവരെ നിരുത്സാഹാപ്പെടുത്തുക.
ട്രെയ്നിലെ ഭിക്ഷാടനം നിയന്ത്രിക്കാനും അത് വഴി മോഷണം ഉൾപ്പെടെ ഉള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനുമാണ് ക്യാംപെയിനുമായി ഈ സംഘടന രംഗത്തെത്തിയിരിക്കുന്നത്.