അപകടങ്ങൾ തടയാൻ പ്രത്യേക ക്യാംപെയ്ൻ, പരിശോധന

അപകടം നടക്കുമ്പോള്‍ മാത്രമാണ് ഇത്തരം സ്ഥലങ്ങള്‍ ശ്രദ്ധിക്കുന്നത്. ഈ രീതി മാറി അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്
KB Ganesh Kumar
കെ.ബി. ഗണേഷ് കുമാർfile
Updated on

തിരുവനന്തപുരം: പാലക്കാട് പനയമ്പാടത്ത് നാലു വിദ്യാർഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

''റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്യാംപെയ്ൻ നടത്തും. റോഡ് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നെങ്കിൽ ബ്ലാക്ക് സ്പോട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നു. മേഖലയിൽ നിരന്തരം അപകടം എന്ന പരാതി എനിക്ക് ലഭിച്ചിട്ടില്ല. എന്നോടല്ല വിഷയം എംഎൽഎ ഉന്നയിച്ചത്. അപകടത്തിൽ അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്'', മന്ത്രി വ്യക്തമാക്കി.

എന്തുകൊണ്ടാണ് അപകടമേഖലയിൽ ആവശ്യമായ നടപടിയെടുക്കാൻ വൈകിയതെന്ന കാര്യം ഉള്‍പ്പെടെ ഉദ്യോഗസ്ഥരാണ് പറയേണ്ടത്. മോട്ടര്‍ വാഹന വകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല.

അപകടം നടക്കുമ്പോള്‍ മാത്രമാണ് ഇത്തരം സ്ഥലങ്ങള്‍ ശ്രദ്ധിക്കുന്നത്. ഈ രീതി മാറി അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്. റോഡുകളിൽ പരിശോധന നടത്തി ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള നടപടിയെടുക്കും. ട്രാഫിക് മുൻകരുതലുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുന്ന മൊബൈൽ ആപ്ലിക്കേഷൻ വൈകാതെ പുറത്തിറക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പൊതുനിരത്തിൽ റീൽസ് എടുക്കുന്നതടക്കം കുറ്റകരമാണെന്നും റീൽസ് എടുക്കാനുള്ള ഇടമല്ല റോഡെന്നും കോഴിക്കോട് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഗണേഷ് കുമാർ പറഞ്ഞു.

ലോറികളിൽ സ്പീഡ് ഗവർണർ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതിൽ ശക്തമായ നടപടി ഉണ്ടാകും. നേരത്തെ തീരുമാനിച്ചതു പോലെ, അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പൊലീസും മോട്ടര്‍ വാഹന വകുപ്പും പരിശോധന നടത്തും. പനയമ്പാടത്തെ ദാരുണാപകടത്തിന്‍റെ കാരണം അന്വേഷിക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്. അമിത വേഗമാണോ അപകട കാരണമെന്നും ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും.

ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥലത്ത് പരിശോധന നടത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com