കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ 10-ാം സംസ്ഥാന സമ്മേളനം 24,25 തീയതികളിൽ കോട്ടയത്ത്

സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും
കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ 10-ാം സംസ്ഥാന സമ്മേളനം 24,25 തീയതികളിൽ കോട്ടയത്ത്
Updated on

കോട്ടയം: കാനറാ ബാങ്കിലെ ഏക വർക്ക് മെൻ അംഗീകൃത സംഘടനയും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെയും ഘടകവുമായ കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ കേരള സംസ്ഥാന കമ്മറ്റിയുടെ 10-ാം സമ്മേളനം ജൂൺ 24, 25 തീയതികളിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും. സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ 26-ാം അഖിലേന്ത്യാ സമ്മേളനം ആഗസ്റ്റ് 12,13,14 തീയതികളിൽ  വിജയവാഡയിൽ വെച്ച് നടക്കുന്നതിനു മുന്നോടിയായാണ്  സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നത്.

24 രാവിലെ 9.30 ന് സി. ബി. ഇ.യു  സംസ്ഥാന ചെയർമാൻ എസ്‌ ഹരിലാൽ പതാക ഉയർത്തും. തുടർന്ന് 10 മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി കെ.  ശ്രീകൃഷ്ണ ഉദ്ഘാടനം ചെയ്യും. കാനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ മാനേജരും, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനറുമായ എസ്‌.  പ്രേംകുമാർ സമ്മേളനത്തിൽ മുഖ്യ അതിഥിയാകും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ  മുഖ്യപ്രഭാഷണം നടത്തും. എഐബിഇഎ ദേശീയ ജോയിന്റ് സെക്രട്ടറിയും, കനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ അഡ്വൈസറി കമ്മിറ്റി അംഗവുമായ അനിരുദ്ധ് കുമാർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് സിബിഇയു സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാംപ്രകാശ് കഴിഞ്ഞ കാലയളവിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും, പ്രതിനിധികൾ ചർച്ചകൾ ആരംഭിക്കുകയും ചെയ്യും.

സിബിഇയു ദേശീയ പ്രസിഡന്റ് എം.എസ്‌ ശ്രീനിവാസൻ, എകെബിഇഎഫ് വൈസ് പ്രസിഡന്റ് എസ്‌ രാമകൃഷ്ണൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി ജോസഫ്, സെക്രട്ടറി സി.കെ ജയപ്രകാശ്, വനിതാ കൗൺസിൽ കൺവീനർ പി.എം അംബുജം, ഓർഗനൈസിങ് സെക്രട്ടറി യു. ഷാജി, സിബിഇയു വനിതാ വിഭാഗം ചെയർപേഴ്സൺ പി.ജി സുമ, സംസ്ഥാന വനിതാ കൗൺസിൽ കൺവീനർ ജയ വിശ്വനാഥ്‌, കാനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് ജനറൽ സെക്രട്ടറി എ.വി ജയപ്രകാശ്, എഐബിഇഎ കേന്ദ്ര കമ്മറ്റി അംഗവും എകെബിഇഎഫ് ജില്ലാ ചെയർമാനുമായ സന്തോഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.

24ന് വൈകിട്ട് 6മണിക്ക്  തിരുനക്കര മൈതാനിയിൽ പൊതുസമ്മേളനം ആരംഭിക്കും. യൂണിയൻ സംസ്ഥാന ചെയർമാൻ എസ്‌  ഹരിലാൽ അധ്യക്ഷതവഹിക്കും. സ്വാഗതസംഘ ചെയർമാൻ അഡ്വ. വി.ബി ബിനു സ്വാഗതം ആശംസിക്കും. സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എകെബിഇഎഫ് സംസ്ഥാന പ്രസിഡന്റ്  കെ.എസ്‌ കൃഷ്ണ  മുഖ്യാതിഥിയായിരിക്കും. കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി കെ. ശ്രീകൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി കെ ബി ബിജുക്കുട്ടി അഭിവാദ്യമർപ്പിച്ചു സംസാരിക്കും. സ്വാഗത സംഘം ജനറൽ കൺവീനറും, എകെബിഇഎഫ്  ജില്ലാ സെക്രട്ടറിയുമായ എസ്‌ ഹരിശങ്കർ കൃതജ്ഞത രേഖപ്പെടുത്തും.

24 ന് വൈകിട്ട് 5.15ന്  കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും പൊതു സമ്മേളന വേദിയായ തിരുനക്കര മൈതാനത്തേക്ക്  ആയിരത്തോളം എഐബിഇഎ പ്രവർത്തകർ പങ്കെടുക്കുന്ന പ്രകടനം നടക്കും. സമ്മേളനത്തിന് മുന്നോടിയായി ജൂൺ 23 ന് വൈകിട്ട് 5. 30ന്  സമ്മേളന വിളംബര ബൈക്ക് റാലി നടക്കും. ജൂൺ 24ന് വൈകിട്ട് 8 മണി മുതൽ മാമൻ മാപ്പിള ഹാളിൽ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം കോട്ടയത്ത് വച്ച് നടക്കുന്നത്. തൊഴിലാളികൾക്ക് നേരെയും തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേരെയും കേന്ദ്ര ഗവൺമെന്റും, മാനേജ്മെന്റുകളും കടുത്ത വെല്ലുവിളികൾ ഉയർത്തുമ്പോൾ  സമ്മേളനത്തിന്റെ പ്രസക്തി വളരെയേറെയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

 എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു (ചെയർമാൻ  റിസപ്ഷൻ കമ്മിറ്റി), എഐബിഇഎ ജോയിന്റ് സെക്രട്ടറി, ബി. രാം പ്രകാശ് (സി.ബി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി), സി.ബി.ഇ.യു സംസ്ഥാന ചെയർമാൻ എസ്‌. ഹരിലാൽ, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി എസ്‌. ഹരി ശങ്കർ (ജനറൽ കൺവീനർ റിസപ്ഷൻ കമ്മിറ്റി), എ.ഐ.ബി.ഇ.എ കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ്‌ സെബാസ്റ്റ്യൻ (ജില്ലാ ചെയർമാൻ എ.കെ.ബി.ഇ.എഫ് ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

1951 മെയ് 10നാണ് കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ രൂപീകൃതമാകുന്നത്.  കാനറാ ബാങ്കിൽ ആക്കാലയളവിൽ നടന്നിരുന്ന കടുത്ത തൊഴിൽ ചൂഷണവും, തൊഴിലാളി ദ്രോഹ നടപടികളും വെല്ലുവിളിച്ചു കൊണ്ടാണ്  സംഘടന രൂപീകൃതമാകുന്നത്.  കേരളത്തിൽ നിന്നുള്ള എൻ.ജെ ആന്റണി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1985 ലാണ് കേരള സംസ്ഥാന കമ്മിറ്റി രൂപം കൊള്ളുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com