
കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ വിശദീകരണവുമായി കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. മോഹൻ കുന്നുമ്മൽ. കേരള സർവകാലശാലയ്ക്ക് കീഴിലുളള ഹോസ്റ്റലിൽ നിന്നല്ല ചൊവ്വാഴ്ച എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തെത് എന്നാണ് ഡോ. മോഹൻ കുന്നുമ്മൽ പറയുന്നത്.
എല്ലാ ഹോസ്റ്റലുകളിലും റെയ്ഡ് നടത്തണമെന്നാണ് യൂണിവേഴ്സിറ്റിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാശാലയിൽ പഠിക്കണമെങ്കിൽ ഇനി ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്റ്റലുകളിൽ റെയ്ഡ് നടത്താൻ തീരുമാനിച്ചതിൽ എക്സൈസ് വകുപ്പിനെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. ചൊവ്വാഴ്ച രാവിലെയാണ് പാളയം യൂണിവേഴ്സിറ്റി കോളെജിലെ ഹോസ്റ്റലിൽ നടത്തിയ എക്സൈസ് റെയ്ഡിൽ കഞ്ചാവ് പിടിച്ചെടുത്തത്.
രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. 70ലധികം മുറികളുള്ള ഹോസ്റ്റലിൽ നിന്നും കുറഞ്ഞ അളവിലാണ് കഞ്ചാവ് പിടികൂടിയിരിക്കുന്നത്. 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.
കേരള സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്ന വിദ‍്യാർഥികളാണ് ഇവിടെ താമസിക്കുന്നത്. പരിശോധന നിലവിൽ തുടരുകയാണ്. കളമശേരി ഗവ. പോളിടെക്നിക് കോളെജിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനു പിന്നാലെയാണ് തലസ്ഥാനത്തെ കോളെജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയിരിക്കുന്നത്.