

കോഴിക്കോട് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം
file
കോഴിക്കോട്: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ചെടിച്ചട്ടികളും ബോർഡുകളും തകർന്നു. നടുവണ്ണൂർ കരിമ്പാപ്പൊയിൽ മേക്കോത്ത് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടമുണ്ടായത്.
ബുധനാഴ്ച രാത്രിയോടെ അമിത വേഗതയിലായിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ നിയന്ത്രണം വിട്ട് അലങ്കാര ചെടികൾ വിൽക്കുന്ന കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിട്ടില്ല.
അപകടത്തിൽ കാർ സമീപത്തെ ടെലിഫോൺ പോസ്റ്റിൽ ഇടിച്ചതിനാൽ ബിഎസ്എൻഎൽ ഒപ്റ്റിക് ഫൈബർ കേബിളുകളും തകർന്നു. അതിനാൽ സമീപത്തെ ടെലിഫോൺ, ഇന്‍റർനെറ്റ് സേവനങ്ങളും തകരാറിലായി. കോഴിക്കോട് ഭാഗത്ത് നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.