
ചേർത്തല: ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉടൻ വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ ഓടിച്ചിരുന്ന സ്ത്രീ പരുക്കുകളില്ലാതെ രക്ഷപെട്ടു. കണിച്ചുകുളങ്ങര - ചെത്തി റോഡിലാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരന്‍റെ കാറാണ് കത്തിനശിച്ചത്.
വണ്ടിയോടിച്ചിരുന്ന ഇന്ദിര (64) കാറിന്‍റെ മുൻ വശത്തു നിന്നു പുക ഉയരുന്നതു കണ്ട് ഉടൻ പുറത്തേക്കിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളിക്കത്തി കാർ പൂർണമായും കത്തി നശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ചേർത്തലയിൽനിന്ന് അഗ്നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.