
കപ്പൽ അപകടം നടന്നിട്ട് മൂന്നു ദിവസം; കാണാതായ ആ നാലുപേർ എവിടെ?
കൊച്ചി: വാങ് ഹായ് 503 കപ്പലിന് തീപിടിച്ചിട്ട് 3 ദിവസമായി. തീയണയ്ക്കാനുള്ള തീവ്ര ശ്രമം കടലിൽ തുടരുകയാണ്. എന്നാൽ കപ്പലപകടത്തിൽ കാണാതായ 4 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നാവിക-തീരരക്ഷാ സേനകൾ പ്രത്യേക കപ്പലുകളിലും ഡോണിയർ വിമാനങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
2 തായ്വാൻ പൗരന്മാരെയും ഒരു ഇന്തോനേഷ്യൻപൗരനെയും ഒരു മ്യാൻമാർ പൗരനെയുമാണ് കാണാതായിരിക്കുന്നത്. കപ്പലിൽ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 18 ഓളം പേർ കടലിലേക്ക് ചാടിയത്. ഇവരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചിരുന്നു.
കപ്പലിലുണ്ടായിരുന്ന എല്ലാവർക്കും നീന്തൽ അറിയാം. 4 പേർ കൂടി കടലിലേക്ക് ചാടിയിരുന്നെങ്കിൽ ഉറപ്പായും അവർ കോസ്റ്റ് ഗോർഡിന് മുന്നിൽ എത്തിയേനെ. കടലിലേക്ക് ചാടി അപകടം പറ്റാനുള്ള യാതൊരു സാധ്യതയുമില്ല. കപ്പലിൽ പെട്ടുപോവാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ശക്തമായ സ്ഫോടനത്തിനു ശേഷമാണ് കപ്പലിന് തീപിടിച്ചത്. കപ്പലിന്‍റെ മധ്യത്തിലാണ് ആദ്യം പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം. ഈ സമയം ഇവർ 4 പേരും ഈ ഭാഗങ്ങളിലുണ്ടായിരുന്നുവെന്ന സൂചനയുണ്ട്. ഇവർ തീപിടിത്തതിൽ പെട്ടുപോയിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്.