
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് കോഴിക്കോട് നടക്കാവ് പൊലീസ് കേയെടുത്തത്.
മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. മോശം ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ പിടിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും അദ്ദേഹം വീണ്ടും അത് ആവർത്തിക്കുകയായിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. എന്നാൽ പരാതിയുമായി മുന്നോട്ടു പോവാൻ മാധ്യമപ്രവർത്തക തീരുമാനിക്കുകയായിരുന്നു. വനിതാ കമ്മീഷനിലും മാധ്യമ പ്രവർത്തക പരാതി നൽകിയിട്ടുണ്ട്. പരാതിയിന്മേൽ 15 ദിവസത്തിനകം പൊലീസ് റിപ്പോർട്ടു നൽകാനാണ് വനിതാ കമ്മീഷന്‍റെ നിർദേശം.