

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതോടെ കേസിൽ കക്ഷി ചേരാന്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇതുസംബന്ധിച്ച് കോടതിയിൽ അപേക്ഷ നൽകാനുള്ള നടപടികളിലാണ് ഇഡി അധികൃതര്‍.
അതേസമയം, കേസിൽ നിലവിലെ പ്രോസിക്യൂട്ടർ ഇടത് അനുകൂലിയാണെന്നും ഇതുമൂലമാണ് ജാമ്യം ലഭിച്ചതെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടർക്കെതിരെ പൊലീസും രംഗത്തെത്തി. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനാണ് ആവശ്യം. ഇതിൽ മ്യൂസിയം എസ്എച്ച്ഓ കമ്മീഷണർക്ക് കത്ത് നൽകി. ഒമ്പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കാൻ പൊലിസ് അപ്പീൽ നൽകും. കേസ് പരിഗണിക്കുമ്പോൾ തെളിവുകളെല്ലാം എതിരായിട്ടും പ്രതിയെ കസ്‌റ്റഡിയിൽ വേണ്ടന്ന് പ്രോസിക്യൂട്ടർ ഗീനകുമാരി ആവശ്യപ്പെട്ടാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നാണ് വിവരം.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ മാസപ്പടി കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് മറ്റെല്ലാ പ്രതികൾക്കും ജാമ്യം നിഷേധിച്ചിട്ടും ഒരാൾക്ക് പ്രതിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യഹർജി അംഗീകരിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങളായെങ്കിലും പ്രോസിക്യൂട്ടർമാരെ ഇതുവരെ മാറ്റിയിട്ടില്ല.