കൈക്കൂലി കേസ്; തിരുവനന്തപുരം കോർപറേഷനിലെ സിപിഎം കൗൺസിലറുടെ വീട്ടിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ എസ്.എൽ. അജിന്‍റെ തൃക്കണ്ണാപുരത്തെ വീട്ടിലാണ് ഞായറാഴ്ച വിജിലൻസ് പരിശോധന നടത്തിയത്
Case of demanding a bribe: Vigilance inspection at CPM councillor's house

കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസ്: സിപിഎം കൗൺസിലറുടെ വീട്ടിൽ വിജിലൻസ് പരിശോധന

Updated on: 

തിരുവനന്തപുരം: ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ അന്വേഷണം നേരിടുന്ന സിപിഎം കൗൺസിലറുടെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ എസ്.എൽ. അജിന്‍റെ തൃക്കണ്ണാപുരത്തെ വീട്ടിലാണ് ഞായറാഴ്ച വിജിലൻസ് പരിശോധന നടത്തിയത്.

അജിൻ, തൃക്കണ്ണാപുരം സ്വദേശി ജോസ് എന്നിവർക്കും തിരിച്ചറിയാവുന്ന മറ്റ് രണ്ട് പേർക്കുമെതിരേ ഒക്റ്റോബർ 16ന് വിജിലൻസിന്‍റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരനായ സഞ്ജു തിരുമല വില്ലേജിലെ തൃക്കണ്ണാപുരം വാർഡിലുള്ള എംഎൽഎ റോഡിൽ ഭൂമി വാങ്ങിയിരുന്നു. പരാതിക്കാരന്‍റെ വസ്തുവിനുള്ളിൽ സ്ഥിതി ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്ന സർക്കാർ പുറമ്പോക്ക് ഭൂമി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുന്നതിനും അവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭ്യമാക്കുന്നതിനും നടപടിയെടുക്കാമെന്ന് പറഞ്ഞ് അജിൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് എഫ്ഐആറിലെ ആരോപണം. പൊതുപ്രവർത്തകനും ജനപ്രതിനിധിയുമായ അജിൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.

2026 മേയ് അഞ്ചിന് പരാതിക്കാരന്‍റെ സുഹൃത്ത് ജോബിയോടാണ് ഫോണിലൂടെ ആദ്യം കൈക്കൂലി ആവശ്യപ്പെട്ടത്. മേയ് എട്ടിന് കൗൺസിലറുടെ ഓഫീസിൽ വച്ച് പരാതിക്കാരനോട് നേരിട്ടും പണം ആവശ്യപ്പെട്ടതായി എഫ്ഐആറിൽ പറയുന്നു.

സെപ്റ്റംബർ 27ന് പരാതിക്കാരൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് അജിനും ജോസും തിരിച്ചറിയാവുന്ന മറ്റ് രണ്ട് പേരും സ്ഥലത്തെത്തി അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അടുത്ത ദിവസം ജോസ് മറ്റ് രണ്ട് പേർക്കൊപ്പം എത്തി അജിനുവേണ്ടി പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടതായും എഫ്ഐആറിൽ പറയുന്നു.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേരത്തേ അറിയിച്ചിരുന്നു. കൗൺസിലർ രാജിവയ്ക്കണമെന്നും ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com