അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി
Case of illegal liquor possession: Anto Augustine remanded

ആന്‍റോ അഗസ്റ്റിൻ

Updated on

കൽപ്പറ്റ: അനധികൃതമായി വീട്ടിൽ മദ‍്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആന്‍റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ ജയിലിൽ അടയ്ക്കും.

ആന്‍റോയുടെ ജാമ‍്യഹർജിയിൽ സെപ്റ്റംബർ 18ന് കോടതി വിധി പറയും. തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായും വീടിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾ നടക്കുന്നുണ്ടെന്നും ആന്‍റോ അഗസ്റ്റിൻ ജാമ‍്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. വീട് തന്‍റെ പേരിലല്ലെന്നും കേസിൽപ്പെട്ടു കിടക്കുന്നതാണെന്നും ആന്‍റോ വാദിച്ചെങ്കിലും വീട് ഇപ്പോഴും ആന്‍റോയുടെ പേരിൽ തന്നെയാണെന്നായിരുന്നു പ്രോസിക‍്യൂഷന്‍റെ വാദം.

ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ആന്‍റോയുടെ വീട്ടിൽ നിന്ന് 43 ലിറ്റർ മദ്യം പിടികൂടിയത്. അർജന്‍റീന ഫുട്ബോൾ താരം ലയണൽ മെസിയെ പേരിൽ നടത്തിയ ഫുട്ബോൾ സ്പോൺസർ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആന്‍റോ അഗസ്റ്റിന്‍റെയും സഹോദരന്മാരായ രണ്ടുപേരുടെയും കൊച്ചിയിലെയും വയനാട്ടിലെയും ഓഫീസുകളിലും വീടുകളിലും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

മെസിയുമായി ബന്ധപ്പെട്ട ഫുട്ബോൾ പരിപാടിയുടെ അന്വേഷണത്തിൽ ആവശ്യമായ എല്ലാ രേഖകളും കൈമാറിയെന്നും പരിശോധന പൂർത്തിയായെന്നും ആന്‍റോ അഗസ്റ്റിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അതേസമയം വീട്ടിൽ നിന്ന് 43 ലിറ്റർ മദ്യം പിടിച്ചെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ കൊച്ചിയിലായിരുന്നെന്നും വീട്ടിൽ മദ്യം കണ്ടെത്തിയതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

logo
Metro Vaartha
www.metrovaartha.com