
നാദിർഷ
കൊച്ചി: സംവിധായകൻ നാദിർഷയുടെ വളർത്തു പൂച്ചയായ നൊബേൽ ചത്ത സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരേ അനാസ്ഥ ആരോപിച്ച് സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നുവെന്നാണ് പരാതി.
സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹമാധ‍്യമത്തിലൂടെയായിരുന്നു നാദിർഷ ഇക്കാര‍്യം പങ്കുവച്ചത്. ഒന്നുമറിയാത്ത ബംഗാളികളും മലയാളികളുമാണ് ആശുപത്രിയിലുള്ളതെന്നും ദയവു ചെയ്ത് ആരും നിങ്ങളുടെ പ്രിയപ്പെട്ട അരുമകളെ ഇത്തരം സ്ഥലങ്ങളിൽ ചെന്ന് അബദ്ധം സംഭവിക്കരുതെന്നും നാദിർഷ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഡോക്റ്ററില്ലാതെയാണ് പൂച്ചയ്ക്ക് അനസ്തേഷ‍്യ നൽകിയതെന്നും പൂച്ചയെ പരീക്ഷണ വസ്തുവാക്കിയെന്നും കഴുത്തിൽ കുരുക്കിട്ട് വലിച്ചാണ് പൂച്ചയെ കൊണ്ടുപോയതെന്നും നാദിർഷ ആരോപിക്കുന്നു. എന്നാൽ സംഭവത്തിൽ വീഴ്ചപറ്റിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ‍്യക്തമാക്കുന്നത്.
ഗ്രൂമിങ്ങിന്‍റെ ആവശ‍്യത്തിനായുള്ള അനസ്തേഷ‍്യക്കു വേണ്ടി രണ്ട് വർഷത്തോളമായി നാദിർഷയുടെ പൂച്ചയെ ആശുപത്രിയിൽ കൊണ്ടുവരാൻ തുടങ്ങിയിട്ടെന്നും സമീപത്തുള്ള സ്ഥാപനത്തിൽ നിന്നുമാണ് ഗ്രൂം ചെയ്യുന്നതെന്നും അധികൃതർ പറഞ്ഞു.
ശനിയാഴ്ചയും പൂച്ചയെ കൊണ്ടുവന്നിരുന്നു. ചെറിയ കാര‍്യങ്ങളായതിനാൽ അനസ്തേഷ‍്യയില്ലാതെ ഗ്രൂം ചെയ്യാനാണ് ശ്രമിച്ചത്. രോമം വെട്ടുന്നതിനും കുളിപ്പിക്കുന്നതിനുമാണ് അനസ്തേഷ‍്യ നൽകുന്നത്. ഡോക്റ്റർ തന്നെയാണ് പൂച്ചയ്ക്ക് അനസ്തേഷ‍്യ നൽകിയതെന്നും എന്നാൽ ചില പൂച്ചകൾക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാകുമെന്നും അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും അധികൃതർ വ‍്യക്തമാക്കി.